സംഭൽ, ബഹ്‌റായിച്ച് സംഘർഷം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; പ്രക്ഷുബ്ധമായി യുപി നിയമസഭ

ചർച്ചക്ക് തയ്യാറാവാത്ത സർക്കാരിനെ പ്രശ്നങ്ങൾ കേൾപ്പിക്കാനാണ് ശ്രമിച്ചതെന്ന് എസ്പി അം​ഗമായ രാ​ഗിണി സോങ്കർ പറഞ്ഞു.

Update: 2024-12-17 05:33 GMT
Advertising

ലഖ്‌നോ: ഉത്തർപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനത്തിന് പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ തുടക്കം. സംഭൽ, ബഹ്‌റായിച്ച് സംഘർഷങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രംഗത്തെത്തിയതോടെ ഭരണപക്ഷം പ്രതിക്കൂട്ടിലായി. തിങ്കളാഴ്ച രാവിലെ 11ന് സഭ തുടങ്ങിയപ്പോൾ തന്നെ എസ്പി അംഗങ്ങൾ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കർ സതീഷ് മഹാന സീറ്റിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ 20 മിനിറ്റോളം മുദ്രാവാക്യം വിളി തുടർന്നു.

കഴിഞ്ഞ മൂന്ന് വർഷമായി സഭ ഒരിക്കൽ പോലും നിർത്തിവെക്കേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞ സ്പീക്കർ നേരത്തെ തീരുമാനിച്ച അജണ്ടകളിലേക്ക് കടക്കാൻ ശ്രമിച്ചു. പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ബഹളംവെക്കുന്നതെന്നും സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി ആരെയും സംസാരിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ സഹകരിക്കാൻ വിസമ്മതിച്ചതോടെ സ്പീക്കർ സഭ ചോദ്യോത്തരവേള അവസാനിക്കുന്ന 12.20 വരെ നിർത്തിവെച്ചു.

വീണ്ടും സഭ ചേർന്നപ്പോൾ സംഭൽ, ബഹ്‌റായിച്ച് സംഘർഷം സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് മാതാ പ്രസാദ് പാണ്ഡെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധനാ മിശ്രയും ഈ വിഷയത്തിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി സുരേഷ് ഖന്ന പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ച നിലനിൽക്കുന്നുണ്ട്. അരാജകത്വമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ബഹളത്തിനിടെ ഖന്ന ആരോപിച്ചു. റൂൾ 56 പ്രകാരം അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാമെന്നും എന്നാൽ സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ മഹാന വ്യക്തമാക്കി.

റൂൾ 311 പ്രകാരം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനാവില്ല. സ്പീക്കർ പദവിയിലിരുന്ന പ്രതിപക്ഷനേതാവിന് ഇക്കാര്യമറിയാം. ലിസ്റ്റ് ചെയ്യപ്പെട്ട അജണ്ടകൾക്കൊപ്പം അംഗങ്ങൾക്ക് സപ്ലിമെന്ററി ചോദ്യങ്ങൾ ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചു. ഇതംഗീകരിക്കാൻ തയ്യാറാവാതെ എസ്പി അംഗങ്ങൾ മുദ്രാവാക്യം വിളി തുടർന്നു. ഗവൺമെന്റ് തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ കേൾക്കാൻ വേണ്ടിയാണ് മുദ്രാവാക്യം മുഴക്കിയതെന്ന് എസ്പി അംഗമായ രാഗിണി സോങ്കർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News