ഉത്തരാഖണ്ഡ് കോണ്‍ഗ്രസിലെ പ്രതിസന്ധി ഒഴിഞ്ഞു;ദേശീയ നേതൃത്വത്തിന് ആശ്വാസം

തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിനു നല്‍കിയതോടെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസിലെ പ്രതിസന്ധി ഒഴിഞ്ഞു

Update: 2021-12-25 02:27 GMT
Advertising

ഉത്തരാഖണ്ഡ് മുന്മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് സംഘടനയ്ക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ ഹൈക്കമാന്‍ഡ് ആദ്യം കണ്ടില്ലെന്നു നടിച്ചു. ഉത്തരാഖണ്ഡ് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ദേവേന്ദര്‍ യാദവ്, തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നതായിരുന്നു ഹരീഷ് റാവത്തിന്റെ ആദ്യ പരാതി. തെരെഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിച്ച കമ്മിറ്റികളില്‍ നിന്നും റാവത്തിന്റെ അനുയായികളെ മാറ്റി നിര്‍ത്തിയതാണ് അദ്ദേഹത്തെ അലോസരപ്പെടുത്തിയത്. കൈയും കാലും കെട്ടിയിട്ട ശേഷം നീന്താന്‍ പറയുന്നത് പോലെയാണ് ഈ നടപടിയെന്ന് ഹരീഷ് റാവത്ത് തുറന്നടിച്ചു. രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പോകുന്നതായും ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസിലെ വിമത വിഭാഗമായ ജി 23 ഉത്തരാഖണ്ഡ് വിഷയം ഹൈക്കമാണ്ടിനെതിരായ ആയുധമാക്കി. സംസ്ഥാന തലത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ അസമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹിമന്ത ബിശ്വ ശര്‍മ ബിജെപിയില്‍ ചേര്‍ന്ന് മുഖ്യമന്ത്രി ആയതും പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന അമരീന്ദര്‍ സിങ് ബിജെപി പാളയത്തില്‍ എത്തിയതും ചൂണ്ടിക്കാട്ടി, അടുത്തത് ഉത്തരാഖണ്ഡ് ആണെന്ന സൂചനയും നല്‍കി.

ഇതോടെയാണ് ഉത്തരാഖണ്ഡിലെ നിയമസഭാ കക്ഷി നേതാവ് , സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നിവരെ വിളിച്ചു വരുത്തിയ യോഗത്തില്‍ പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഹരീഷ് റാവത്തിനെ ഏല്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിച്ചതോടെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസിലെ പ്രതിസന്ധി ഒഴിവായി.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News