'അതിഥികൾ, അവർക്കായി സ്ത്രീകൾ'; ബിജെപി നേതാവിന്റെ റിസോർട്ട് വേശ്യാലയമെന്ന് മുൻ ജീവനക്കാർ
"അതിഥികള്‍ക്കും കൂടെ വന്ന യുവതികള്‍ക്കും വില കൂടിയ മദ്യവും ലഹരിയും വിളമ്പി"
ഡെറാഡൂൺ: അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുള്‍കിത് ആര്യയുടെ റിസോർട്ടിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാർ. വേശ്യാവൃത്തിയുടെയും ലഹരി ഉപയോഗത്തിന്റെയും കേന്ദ്രമായിരുന്നു റിസോർട്ടെന്ന് ജീവനക്കാർ പറയുന്നു. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ജീവനക്കാർ ഉന്നയിച്ച ആരോപണങ്ങൾ റിപ്പോർട്ടു ചെയ്തത്.
പുള്‍കിത് ആര്യ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഇവർ പറയുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചവരെ മോഷണം അടക്കമുള്ള കേസുകളിൽ കുടുക്കാനുള്ള ശ്രമങ്ങളുമുണ്ടായി. സഹിക്കാൻ വയ്യാതെയാണ് രാജി വച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. മുൻ ജീവനക്കാർ നൽകിയ മൊഴികൾ ഗൗരവത്തിലെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
'റിസോർട്ടിനുള്ളിൽ വേശ്യാവൃത്തിയും ലഹരിയിടപാടും ഞങ്ങൾ കണ്ടിട്ടുണ്ട്. പുള്‍കിത് ചിലപ്പോൾ പ്രത്യേക അതിഥികളെ കൊണ്ടുവരുമായിരുന്നു. അവർക്കൊപ്പം പേരറിയാത്ത സ്ത്രീകളും വന്നിരുന്നു. അതിഥികൾ മുറിയിൽ ഈ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അവർക്കായി വില കൂടിയ മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിയും എത്തിച്ചിരുന്നു.' - റിസോർട്ടിൽ ജീവനക്കാരായിരുന്ന ദമ്പതികൾ വെളിപ്പെടുത്തി.
ഭോഗ്പൂരിലെ റിസോർട്ടിൽനിന്ന് കാണാതായ അങ്കിത ഭണ്ഡാരിയുടെ (19) മൃതദേഹം ശനിയാഴ്ച രാവിലെയാണ് ഋഷികേഷിലെ കനാലിൽനിന്ന് കണ്ടെടുത്തത്. സംഭവത്തിൽ പുൾകിത്, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവർ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ റിസോർട്ട് പൊളിച്ച അധികൃതരുടെ നടപടി വിവാദമായിരുന്നു. തെളിവു നശിപ്പിക്കാനാണ് റിസോർട്ട് പൊളിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
അതിനിടെ, കൊല്ലപ്പെട്ട അങ്കിതയുടെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഋഷികേശ് എയിംസ് അധികൃതർ പോലീസിന് കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, അങ്കിതയുടെ മൃതദേഹത്തിൽ ബലംപ്രയോഗിച്ചതിന്റെ ചില പാടുകളുണ്ടായിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതേക്കുറിച്ച് പോലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.