ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം കണ്ടെത്തിയ ജോഷിമഠ് കേന്ദ്ര സംഘം ഇന്ന് സന്ദർശിക്കും
ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് എത്തുന്നത്
ഡെറാഡൂണ്‍: ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം കണ്ടെത്തിയ ഉത്തരാഖണ്ഡിലെ ജോഷിമഠ് കേന്ദ്ര സംഘം ഇന്ന് സന്ദർശിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് എത്തുന്നത്. പ്രദേശത്ത് നിന്ന് ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.
ജോഷിമഠിലെ സാഹചര്യം വിലയിരുത്താനാണ് കേന്ദ്ര സംഘം എത്തുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾക്ക് പുറമെ ബോർഡർ മാനേജ്‌മെന്‍റ് സെക്രട്ടറിയും സ്ഥിതിഗതികൾ വിലയിരുത്തും. പ്രശ്ന പരിഹാരത്തിന് പദ്ധതികൾ തയ്യാറാക്കാൻ കേന്ദ്ര ഏജൻസികളും വിദഗ്ധരും സംസ്ഥാന സർക്കാരിനെ സഹായിക്കും. ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം പഠിക്കാൻ കേന്ദ്രം രൂപം നൽകിയ പാനലും ജോഷിമഠിൽ ഉണ്ട്. പരിസ്ഥിതി-വനം വകുപ്പ്, കേന്ദ്ര ജല കമ്മിഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ക്ലീൻ ഗംഗ ദേശീയ മിഷൻ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ പാനലിൽ ഉള്ളത്. എൻ.ഡി.ആർ.എഫിന്‍റെ ഒരു ടീമും എസ്.ഡി.ആർ.എഫിന്‍റെ 4 ടീമുകളും പ്രദേശത്ത് എത്തി.
സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ വിലയിരുത്തി. ജോഷിമഠിലെ സാഹചര്യം മനസിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സർക്കാരിന്‍റെ ഇടപെടൽ വൈകിയതിൽ പ്രദേശവാസികളും പ്രതിഷേധത്തിലാണ്.