എന്തുകൊണ്ടാണ് ദ്രൗപതി മുർമു ബി.ജെ.പിയുടെ തുറുപ്പുചീട്ടാകുന്നത്?

ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യ വനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡിഷ വനിതയുമാണ് മുർമു

Update: 2022-06-22 04:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ദ്രൗപതി മുർമു... ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ഗ്രോത്രവര്‍ഗ നേതാവാണ് എന്‍‌.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ഒഡിഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ദ്രൗപതി തീര്‍ച്ചയായും ബി.ജെ.പിയുടെ ഏറ്റവും മികച്ച സ്ഥാനാര്‍ഥി തന്നെയാണ്.

ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യ വനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡിഷ വനിതയുമാണ് മുർമു. പട്ടികവർഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന നാഴികക്കല്ലാണ് ദ്രൗപതി മുര്‍മുവിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം. രാഷ്ട്രപതിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുര്‍മുവിന് ആശംസകള്‍ അറിയിച്ചിരുന്നു. ''ദ്രൗപതി മുർമു തന്‍റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ചു. സമ്പന്നമായ ഭരണപരിചയം അവര്‍ക്കുണ്ട്. അവൾ നമ്മുടെ രാജ്യത്തിന്‍റെ മികച്ച രാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'' പ്രധാനമന്ത്രി കുറിച്ചു. ''രാഷ്ട്രപതി സ്ഥാനാര്‍ഥിയായ വിവരം മാധ്യമങ്ങളില്‍ നിന്നാണ് ഞാനറിഞ്ഞത്. അതിൽ ഇപ്പോൾ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വളരെയധികം നന്ദി." എന്നായിരുന്നു മുര്‍മുവിന്‍റെ വിനയത്തോടെയുള്ള പ്രതികരണം.

ആരാണ് ദ്രൗപതി മുര്‍മു? എന്തുകൊണ്ടാണ് അവര്‍?

1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിന്‍റെ ജനനം. സന്താൾ വശജയാണ് ദ്രൗപദി. തെരഞ്ഞെടുക്കപ്പെട്ടാൽ ഒഡിഷയിൽ നിന്നുള്ള ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാകും 64 കാരിയായ മുർമു. 2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. 2000 മാർച്ച് ആറു മുതൽ 2002 ആഗസ്ത് 6 വരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ആഗസ്ത് 6 മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്‍റ് മന്ത്രിയായിരുന്നു.

ഗോത്രവർഗ ഭൂരിപക്ഷ സംസ്ഥാനമായ ജാർഖണ്ഡിന്‍റെ ഗവർണറായിരുന്നതിനാൽ മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് പ്രതിപക്ഷ പാളയത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത-പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയെ പിന്തുണക്കുമെന്നാണ് പ്രതീക്ഷ. മുൻ ജാർഖണ്ഡ് ഗവർണറായ മുർമു സംസ്ഥാന സർക്കാരുമായി നല്ല ബന്ധമാണ് പുലർത്തുന്നത്.ഇത് ജെഎംഎമ്മിനെ പ്രതിസന്ധിയിലാക്കിയേക്കും.

ഛോട്ടാനാഗ്പൂർ ടെനൻസി (സിഎൻടി) നിയമവും സന്താൽ പർഗാന ടെനൻസി (എസ്പിടി) നിയമവും ഭേദഗതി ചെയ്യാൻ കൊണ്ടുവന്ന ബില്ലുകൾ ഗവര്‍ണറായിരുന്ന സമയത്ത് മുര്‍മു മടക്കി അയച്ചിരുന്നു. CNT & SPT നിയമങ്ങളിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ഭേദഗതികളെ ജാർഖണ്ഡിലെ ആദിവാസികൾ ശക്തമായി എതിർത്തിരുന്നു. ഈ നിലപാടുകളെല്ലാം മുര്‍മുവിനെ ശക്തയായ ഗോത്ര നേതാവാക്കി മാറ്റി. മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ഒഡീഷയിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ശക്തിപ്പെടുത്താനും 2019 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജാർഖണ്ഡിൽ നിലയുറപ്പിക്കാനുമാണ് ബി.ജെ.പിയുടെ ശ്രമം.

ദ്രൗപതിയുടെ സ്ഥാനാര്‍ഥിത്വം ബി.ജെ.പിക്ക് ഗുണകരമാകുന്നത് എങ്ങനെ?

ഒരുപക്ഷേ ഇത് ബി.ജെ.പിയുടെ ദീർഘകാല രാഷ്ട്രീയ പദ്ധതിയായിരിക്കാം. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ കോട്ടയായ ഗുജറാത്തിൽ നിന്ന് ഹ്രസ്വകാല രാഷ്ട്രീയ നേട്ടങ്ങളും ഇതിലൂടെ ലഭിച്ചേക്കാം. 2011-ലെ സെൻസസ് പ്രകാരം ഗുജറാത്തിലെ ഗോത്രവര്‍ഗക്കാര്‍ 14 ശതമാനമാണ്. ഗുജറാത്തിലെ ഡാങ് പോലെയുള്ള ജില്ലകളിൽ ഗോത്രവർഗക്കാരുടെ ആധിപത്യമുണ്ട്.ഗോത്രവർഗ ജനസംഖ്യ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ നീക്കം ബി.ജെ.പിക്ക് വലിയ തെരഞ്ഞെടുപ്പ് സ്വാധീനം ഉണ്ടാക്കിയേക്കും.

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം ഗോത്രവർഗ ജനസംഖ്യ 8.6% ആയിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിലെ കണക്ക് മറ്റുള്ളവയെക്കാൾ വളരെ കൂടുതലാണ്. പട്ടികവര്‍ഗക്കാര്‍ മൊത്തം ജനസംഖ്യയുടെ 11.3% ഗ്രാമപ്രദേശങ്ങളിലും 2.8% നഗരപ്രദേശങ്ങളിലുമായിട്ടാണ് ഉള്ളത്.

ഇന്ത്യയിലെ ഗ്രോതവര്‍ഗ ജനസംഖ്യയുടെ കണക്കുകള്‍ ഇങ്ങനെ

മിസോറാം- 94.4%

നാഗാലാൻഡ്- 86.5%

മേഘാലയ- 86.1%

അരുണാചൽ- 68.8%

മണിപ്പൂർ- 35.1%

സിക്കിം-33.8%

ത്രിപുര-31.8%

ഛത്തീസ്ഗഡ്-30.6%

ജാർഖണ്ഡ്- 26.2%

ഒഡീഷ- 22.8%

മധ്യപ്രദേശ്- 21.1%

ഗുജറാത്ത്-14.8%

രാജസ്ഥാൻ- 13.5%

ജമ്മുകശ്മീര്‍: 11.9%

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ട ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങൾക്ക് ഈ തീരുമാനത്തിൽ നിന്ന് കുറച്ച് നേട്ടമുണ്ടായേക്കും. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മുവിനെ ബി.ജെ.പി തെരഞ്ഞെടുക്കുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. ആദിവാസി വനിതാ നേതാവിനെ ഉയർത്തിക്കാട്ടുന്നതിലൂടെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ ചിലരുടെ പിന്തുണ നേടാനാകുമെന്നും ബി.ജെ.പി കരുതുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News