'ബിജെപിയോട് ജനങ്ങൾക്ക് ഇത്ര സ്നേഹമോ? 2024ൽ ഹാട്രിക് അടിക്കും': മോദി

തന്റെ മുന്നിൽ നാല് ജാതികളാണുള്ളതെന്നും മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2023-12-03 15:20 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ബിജെപി. രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്ത ബി.ജെ.പി, മധ്യപ്രദേശ് നിലനിർത്തുകയും ചെയ്തു. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90, തെലങ്കാന 119, രാജസ്ഥാൻ 199 സീറ്റുകളിലേക്കായിരുന്നു ജനവിധി. 

ഐതിഹാസിക വിജയമെന്ന് പറഞ്ഞ നരേന്ദ്രമോദി വോട്ടർമാർക്ക് നന്ദി പറഞ്ഞു. ആത്മനിർഭർ ഭാരത് എന്ന പ്രമേയമാണ് വിജയിച്ചത്. ഇത്രയും സ്നേഹം നിങ്ങൾ ഞങ്ങൾക്കായി കരുതിയിരുന്നോ എന്നും മോദി ചോദിച്ചു. ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പമെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പിൽ സ്ത്രീ ശക്തി പ്രകടമായിരുന്നു. 2047ൽ ഇന്ത്യ വികസിത രാജ്യമാകും. നാരി ശക്തി രാജ്യത്തിന്റെ സുരക്ഷ കവചമാകും. അഴിമതി ആരോപണങ്ങളിൽ മുങ്ങിയ സർക്കാരുകളാണ് പുറത്തായതെന്നും മോദി ചൂണ്ടിക്കാട്ടി.

ജാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമം നടന്നു. തന്റെ മുന്നിൽ നാലു ജാതികളാണുള്ളത് – സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണ്. ഇന്നത്തെ ഹാട്രിക് 2024ലെ ഹാട്രിക് ഉറപ്പുനൽകി. വോട്ടർമാർ ബിജെപിയെ തുടർച്ചയായി തിരഞ്ഞെടുക്കുന്നു.

പ്രവചനങ്ങൾ താൻ സാധാരണ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നടത്താറില്ല. എന്നാൽ, രാജസ്ഥാനിൽ ഇത്തവണ അത് തെറ്റിച്ചിരുന്നു. കോൺഗ്രസ് സർക്കാർ നിലം പൊത്തുമെന്നാണ് പറഞ്ഞത്. തെലങ്കാനയിലെ ജനങ്ങൾക്ക് ഈ സർക്കാർ എല്ലാ വികസനവും എത്തിക്കും. രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച്ചയെ ബിജെപി പ്രോത്സാഹിപ്പിക്കില്ല. മോദിയുടെ ഗ്യാരന്റി വണ്ടി എല്ലാഗ്രാമങ്ങളിലും എത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News