'ഇൻഡ്യയെല്ലാം ഡൽഹിയിൽ; ബംഗാളിൽ നടക്കില്ല'; കോൺഗ്രസിനെയും സി.പി.എമ്മിനെയും പിന്തുണക്കരുതെന്ന് മമത

ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും ബി.ജെ.പി ഏജന്റുമാരെന്ന് മമത

Update: 2024-04-19 13:45 GMT
Editor : ശരത് പി | By : Web Desk
Advertising

മുർഷിദാബാദ്‌\പശ്ചിമബംഗാൾ: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ കോൺഗ്രസിനെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് മമത ബാനർജി. ഇരു പാർട്ടികളെയും സംസ്ഥാനത്ത് പിന്തുണക്കില്ലെന്ന് പറഞ്ഞ മമത ഇവർ ബി.ജെ.പിയുടെ ഏജന്റുമാരായാണ് സംസ്ഥാനത്ത് പ്രവർത്തിച്ചതെന്നും പറഞ്ഞു.

മുർഷിദാബാദിൽ നടന്ന റാലിയിലാണ് മമത ഇൻഡ്യാ മുന്നണിയിലെ സഹ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് വന്ന സർവേകൾ വ്യാജമാണെന്നും 200ൽ കൂടുതൽ സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.

'ചിലർ പറയുന്നു ഞങ്ങൾ ഇൻഡ്യയാണ്, ഞങ്ങൾക്ക് വോട്ട് ചെയ്യൂ എന്ന്, എന്നാൽ ഇൻഡ്യാ പാർട്ടി ബംഗാളിലല്ല അങ്ങ് ഡൽഹിയിലാണ്. ഇവിടെ കോൺഗ്രസും സി.പി.എമ്മും മാത്രമാണ് ഇൻഡ്യയല്ല. അവർക്ക് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയിലേക്കാണ് പോകുന്നത്. വരും നാളുകളിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ ഞങ്ങൾ നയിക്കും, എന്നാൽ ബംഗാളിൽ അവരെ പിന്തുണയ്ക്കില്ല കാരണം അവർ ബി.ജെ.പിയുടെ ഏജന്റുമാരാണ്.' എന്നാണ് മമത പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഇൻഡ്യാ മുന്നണിയല്ലാതെ തൃണമുൽ കോൺഗ്രസിനെ ഒറ്റയ്ക്ക് മത്സരിപ്പിക്കാനായിരുന്നു മമത ബാനർജിയുടെ തീരുമാനം. തൃണമൂൽ കോൺഗ്രസിനോടും കോൺഗ്രസിനോടും ഒന്നിച്ചു മത്സരിക്കാൻ സി.പി.എം തയ്യാറായി വന്നെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നു.

മുർഷിദാബാദിൽ സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ വർഷം നടന്ന സാഗർദിഗിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിച്ച് തൃണമൂലിനെ പരാജയപ്പെടുത്തിയിരുന്നു. ഇരു പാർട്ടികളും ഒന്നിച്ച് മത്സരിക്കുന്നത് തൃണമൂലിന്റെ വോട്ട് കുറയ്ക്കുന്നതിന് കാരണമാവുമെന്നാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News