രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ? ആകാംക്ഷ തുടരുന്നു
ഇൻഡ്യാ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോൺഗ്രസ്
ന്യൂഡൽഹി: എൻ.ഡി.എയുടെ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവ് ആരെന്നുള്ളതിലാണ് ആകാംക്ഷ. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇത് പാർട്ടിക്ക് കൂടുതൽ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ് നേതാക്കൾ.
2014ലും 2019ലും സീറ്റുകൾ കുറഞ്ഞ കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അർഹമല്ല എന്ന പഴികൾ കേട്ടിരുന്നു. എന്നാൽ ഇത്തവണ ഇൻഡ്യാ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ് മാറി. 99 സീറ്റുകളാണ് കോൺഗ്രസ് നേടിയത് .
അതിനാൽ തന്നെ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് പാർട്ടി ആഗ്രഹം. എന്നാൽ, രാഹുൽ അതിനു തയ്യാറാകുമോ എന്നുള്ളതിൽ ആശങ്കകൾ നിലനിൽക്കുകയാണ്. 2019ൽ പാർട്ടിക്ക് ഉണ്ടായ കനത്ത പരാജയത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ ഗാന്ധി ഔദ്യോഗിക പദവികൾ നിന്നെല്ലാം മാറിനിന്നു. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനവും അധിർ രഞ്ജൻ ചൗധരിക്ക് നൽകി. പരാജിതനായ പപ്പു എന്ന ചാപ്പ കുത്തി ബി.ജെ.പിയുടെ ഐ.ടി സെല്ലുകൾ ആഘോഷിച്ചപ്പോഴും പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തു.
ഭാരത് ജോഡോ യാത്രയിലൂടെ 4000ത്തിൽ അധികം കിലോമീറ്ററുകൾ രാഹുൽ നടന്നു കയറിയത് ഇന്ത്യൻ ജനതയുടെ ഹൃദയത്തിലേക്കാണെന്ന് ഉറപ്പിക്കുന്നതാണ് ജനവിധി. നരേന്ദ്ര മോദി - അദാനി ബന്ധവും, ബി.ജെ.പിയുടെ വർഗീയ ചേരിതിരിവിനെയും രാഹുൽ പ്രതിരോധിച്ചത് ഭരണഘടനയെ ഉയർത്തി കാട്ടിയാണ്. അതിനാൽ പാർലമെന്റിലും അത് തുടരാൻ രാഹുൽ പ്രതിപക്ഷ നേതാവ് ആകണമെന്നാണ് പാർട്ടി നിലപാട്.