സ്വത്തുതര്‍ക്കം; അലിഗഡില്‍ ഭർത്താവിന്‍റെ മരണാനന്തര ചടങ്ങിനിടെ ഭാര്യയെയും മകളെയും ഭര്‍തൃവീട്ടുകാര്‍ തല്ലിക്കൊന്നു

മുകേഷ് ദേവിയുടെ ഭർത്താവ് സുരേന്ദർ സിംഗ് ആഗസ്ത് 31ന് ഡൽഹിയിൽ വച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്

Update: 2023-09-06 05:48 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

അലിഗഡ്: ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിനിടെ ഭാര്യയെയും ദത്തുപുത്രിയെയും ഭർതൃവീട്ടുകാർ മർദിച്ച് കൊലപ്പെടുത്തി.സ്വത്ത് തര്‍ക്കത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നത്. യുപി അലിഗഡ് ജില്ലയിലെ ഗോണ്ട പൊലീസ് പരിധിയിലെ കൈംതാലിൽ ഇരട്ട കൊലപാതകം നടന്നത്. മുകേഷ് ദേവി(55),മകള്‍ പ്രിയങ്ക(22) എന്നിവരാണ് കൊല്ലപ്പെട്ടത്.

മുകേഷ് ദേവിയുടെ ഭർത്താവ് സുരേന്ദർ സിംഗ് ആഗസ്ത് 31ന് ഡൽഹിയിൽ വച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിനിടെ മുകേഷ് ദേവിയെ ഭര്‍തൃസഹോദരനും ബന്ധുക്കളും ചേര്‍ന്ന് വടിയും ഭാരമുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മകൾ അമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവര്‍ക്കും ക്രൂരമായ മർദ്ദനമേറ്റു. ഇരുവരുടെയും തലയ്ക്ക് പരിക്കേറ്റതായും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും പൊലീസ് പറഞ്ഞു. മുകേഷ് ദേവിയുടെ സഹോദരന്‍ ഭോല സിംഗിന്‍റെ പരാതിയില്‍ ധർമ്മവീർ സിംഗ്, മോന സിംഗ്, ദുബ്ല സിംഗ്, രമേഷ് സിംഗ്, നീരജ് സിംഗ്, സോനു സിംഗ്, രാകേഷ് സിംഗ് എന്നീ ഏഴ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതികളെ പിടികൂടാൻ അഞ്ച് പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും ഞങ്ങൾ വിഷയം അന്വേഷിക്കുകയാണെന്നും ഉടൻ നടപടിയെടുക്കുമെന്നും എസ്.പി (അലിഗഡ് റൂറൽ) പലാഷ് ബൻസാൽ പറഞ്ഞു."ഏകദേശം 30 വർഷം മുമ്പാണ് എന്‍റെ അമ്മായി കൈംതലിലെ സുരേന്ദർ സിങ്ങിനെ വിവാഹം കഴിച്ചത്. അവർ പിന്നീട് ഡൽഹിയിൽ സ്ഥിരതാമസമാക്കി. അമ്മാവൻ അടുത്തിടെ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്ന് വിരമിച്ചിരുന്നു.ദിവസങ്ങൾക്കുമുമ്പ് അദ്ദേഹം മരിച്ചു, സഹോദരൻ മൃതദേഹം സംസ്‌കരിക്കുന്നതിനായി നാട്ടിലെത്തിച്ചു.തിങ്കളാഴ്‌ച, ഞങ്ങൾ ടെറഹ്‌വിൻ വീട്ടിലെത്തിയപ്പോൾ, സ്വത്തിന്‍റെ കാര്യത്തിൽ അമ്മായിയും സഹോദരനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. താമസിയാതെ അക്രമാസക്തമാവുകയും ചെയ്തു.'' മുകേഷ് ദേവിയുടെ മരുമകന്‍ ബബ്‍ലു പറഞ്ഞു. ദത്തുപുത്രിക്ക് സ്വത്ത് നല്‍കുന്നതില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായി അയല്‍വാസി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News