ഗോവയിലേക്ക് ഹണിമൂണ്‍ യാത്രക്ക് പകരം അയോധ്യയിലേക്ക് തീര്‍ഥാടനം; വിവാഹമോചനത്തിന് കേസ് കൊടുത്ത് ഭാര്യ

തീര്‍ഥാടനം കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷമാണ് ഭോപ്പാല്‍ സ്വദേശിയായ യുവതി കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയത്

Update: 2024-01-25 07:52 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഹൈദരാബാദ്: ഗോവയിലേക്ക് ഹണിമൂണ്‍ യാത്ര പോകുന്നതിനു പകരം അയോധ്യയിലേക്ക് വാരാണസിയിലേക്കും തീര്‍ഥാടനത്തിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. തീര്‍ഥാടനം കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷമാണ് ഭോപ്പാല്‍ സ്വദേശിയായ യുവതി കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയത്.

2023 ആഗസ്തിലായിരുന്നു ഇവരുടെ വിവാഹം. പിപ്ലാനിയിലാണ് ദമ്പതികള്‍ താമസിക്കുന്നത്. ഗോവയിലേക്കാണ് ആദ്യം ഹണിമൂണ്‍ പ്ലാന്‍ ചെയ്തിരുന്നത്. മാതാപിതാക്കളെ നോക്കേണ്ടതുണ്ടെന്നും അതുകൊണ്ട് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും ഭര്‍ത്താവ് പറഞ്ഞതുകൊണ്ടാണ് താന്‍ ഗോവ,ദക്ഷിണേന്ത്യ യാത്രക്ക് സമ്മതിച്ചതെന്നും യുവതി പറയുന്നു. എന്നാല്‍ രാമക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായി ഭര്‍തൃമാതാവിന് അയോധ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഭർത്താവ് അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. യാത്രയുടെ തലേന്നാണ് ഇക്കാര്യം ഭര്‍ത്താവ് ഭാര്യയെ അറിയിക്കുന്നത്.അന്ന് യുവതി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാല്‍ യാത്ര കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷം വിവാഹമോചനത്തിന് കേസ് കൊടുക്കുകയായിരുന്നു. തന്നെക്കാളും ഭർത്താവ് കുടുംബാംഗങ്ങളുടെ കാര്യത്തിലാണ് ശ്രദ്ധിച്ചിരുന്നതെന്നും അവർ ആരോപിച്ചു.

ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തന്‍റെ ഭര്‍ത്താവ് നല്ല ശമ്പളം വാങ്ങുന്നുണ്ടെന്നും തനിക്കും നല്ല ശമ്പളമുണ്ടെന്നും അതുകൊണ്ട് ഹണിമൂണിന് വിദേശത്തേക്ക് പോകുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഭാര്യ ഈ വിഷയത്തിൽ വലിയ കോലാഹലം സൃഷ്ടിക്കുകയാണെന്ന് ഭർത്താവ് കുടുംബ കോടതിയിലെ കൗൺസിലർമാരോട് പറഞ്ഞു.ദമ്പതികളെ കൗൺസിലിംഗ് നടത്തി വരികയാണെന്ന് ഭോപ്പാൽ കുടുംബ കോടതിയിലെ അഭിഭാഷകൻ ഷൈൽ അവസ്തി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News