രാജ്യസഭാ സ്ഥാനാർത്ഥിയായി ശ്രീനിവാസ കൃഷ്ണന്റെ പേര് ചർച്ചയാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്
കോൺഗ്രസ് രാഷ്ട്രീയം മലീനസമാക്കാൻ ആര് ശ്രമിച്ചാലും ശക്തമായി എതിർക്കുക തന്നെ ചെയ്യും. ഇത് കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ നുസൂർ പറഞ്ഞു.
രാജ്യസഭാ സ്ഥാനാർത്ഥിയായി എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെ പേര് ചർച്ചയാക്കുന്നതിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രതിഷേധം. കഴിവും പ്രാപ്തിയുമുള്ള ജൂനിയറും സീനിയറുമായുള്ള ഒട്ടനവധി നേതാക്കളുള്ള കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം മലീനസമാക്കാൻ ആര് ശ്രമിച്ചാലും ശക്തമായി എതിർക്കുക തന്നെ ചെയ്യും. ഇത് കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ നുസൂർ പറഞ്ഞു.
ഞങ്ങളെപ്പോലുള്ളവരുടെ ചോരയും വിയർപ്പും ജീവിതവും ഹോമിച്ച പ്രസ്ഥാനമാണ് ഇത്. ആ അവകാശം ഉള്ളടത്തോളം കാലം ഞങ്ങളുടെ ശബ്ദം നിലക്കുകയുമില്ല. ശ്രീനിവാസ് കൃഷ്ണന്മാരെ കെട്ടിയിറക്കാൻ നോക്കിയാൽ പ്രതിഷേധത്തിന്റെ അലയൊലിയെ തടയിടാൻ ആർക്കും കഴിയില്ല എന്ന് വ്യക്തമാക്കട്ടെ. കെ. സുധാകരനെ പോലൊരു കെപിസിസി പ്രസിഡന്റ് അത് അനുവദിക്കുകയില്ല എന്ന വിശ്വാസം പ്രവർത്തകർക്കുണ്ട്. സോഷ്യൽ എഞ്ചിനീറിങ്ങിന്റെ ഭാഗയോ രാഷ്ടീയ തന്ത്രത്തിന്റെ ഭാഗമായോ സജീവ കോൺഗ്രസ് നേതൃത്വത്തിലുള്ള ആരെ തീരുമാനിച്ചാലും ഇരുകയ്യും നീട്ടി സ്വീകരിക്കും. അത് പാർട്ടിക്ക് ഗുണകരമാണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമെന്നും നുസൂർ കൂട്ടിച്ചേർത്തു.
കോൺഗ്രസിൻറെ രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥിയായി ആര് വരുമെന്നതിൽ അനിശ്ചിതത്വവും ചർച്ചയും തുടരുന്നതിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. പട്ടികയിൽ ഹൈക്കമാൻഡിടപെട്ട് ശ്രീനിവാസൻ കൃഷ്ണൻറെ പേര് നിർദ്ദേശിച്ച സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം സോണിയയോട് നിലപാട് വ്യക്തമാക്കും.
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ ഹൈക്കമാൻഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. അതേസമയം എം ലിജു, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം, സതീശൻ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. യുവാക്കൾക്ക് മുൻഗണന നൽകാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെന്നാണ് വാർത്തകൾ.