പാരീസ് ഭീകരാക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്
ഫ്രഞ്ച് പൌരനും 26 കാരനുമായ സലാഹ് അബ്ദുസ്സലാം ആണ് പിടിയിലായത്
പാരീസ് ഭീകരാക്രമണക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ബെല്‍ജിയത്ത് ജനിച്ച ഫ്രഞ്ച് പൌരനും 26 കാരനുമായ സലാഹ് അബ്ദുസ്സലാം ആണ് പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബ്രസല്‍സിനടുത്ത് മൊളെന്‍ബീക്കില്‍ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് സലാഹ് അബ്ദുസ്സലാമിനെ പരിക്കുകളോടെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റു രണ്ടുപേര്‍കൂടി പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. ബ്രസല്‍സിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നടത്തിയ തിരച്ചിലില്‍ അബ്ദുസ്സലാമിന്റെ വിരലടയാളം കണ്ടത്തെിയതായി നേരത്തേ പൊലീസ് അറിയിച്ചിരുന്നു. ഈ റെയ്ഡിനിടെ വെടിവെപ്പില്‍ അബ്ദുസ്സലാമിന്റെ സഹായി എന്നു കരുതുന്ന മുഹമ്മദ് ബെല്‍ക്കെയ്ദ് മരിച്ചിരുന്നു. ഇവിടെനിന്ന് രക്ഷപ്പെട്ട രണ്ടുപേരില്‍ ഒന്ന് അബ്ദുസ്സലാം ആണെന്ന് പൊലീസ് സംശയിച്ചിരുന്നു.
പാരിസിലെ നാഷനല്‍ സ്‌റ്റേഡിയത്തിലും കഫേകളിലും ആക്രമണം നടത്തിയവരില്‍ അബ്ദുസ്സലാമുമുണ്ടായിരുന്നു. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇയാള്‍ കടന്നുകളയുകയായിരുന്നു. മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ ഹമീദ് അബൗദിന്റെ ബാല്യകാല സുഹൃത്തായ ഇയാളാണ് ഭീകരരെ പാരിസിലെ ആക്രമണസ്ഥലത്ത് എത്തിച്ചതെന്നാണ് സംശയിക്കുന്നത്. നവംബര്‍ 13 ന് നടന്ന ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.