കള്ളപ്പണം, അഴിമതി, നികുതി വെട്ടിപ്പ്: ശക്തമായ നടപടി വേണമെന്ന് ജി 20യില്‍ ഇന്ത്യ
സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മോദി
കള്ളപ്പണം, അഴിമതി, നികുതി വെട്ടിപ്പ് എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ജി 20 ഉച്ചകോടിയില്‍. സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മോദി ആവശ്യപ്പെട്ടു. ഉച്ചകോടിക്ക് സമാന്തരമായി വിവിധ രാഷ്ട്ര നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി. ആഗോള താപനം നേരിടുന്നതിന് പാരിസ് ഉടമ്പടി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകളും ഇന്ന് നടക്കും.
ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ആഗോള സമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച ചര്‍ച്ചയായിരുന്നു പ്രധാന അജണ്ട. ഇന്നലെയും ഇന്നുമായി വിഷയത്തില്‍ വിശദമായി ചര്‍ച്ച നടന്നു. അഴിമതി, നികുതി വെട്ടിപ്പ്, കള്ളപ്പണം ഇവക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തമെന്നതായിരുന്നു ഇന്ത്യയുടെ പ്രധാന ആവശ്യം. സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് ചര്‍ച്ച മാത്രം പോര. ജി20 രാജ്യങ്ങളുടെ കൂട്ടായ പരിശ്രമമാണ് വേണ്ടത്. രാജ്യാന്തര സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മോദി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
ഉച്ചകോടിക്ക് സമാന്തമായി വിവിധ രാഷ്ട്ര നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചകളും പുരോഗമിക്കുന്നുണ്ട്. നയതന്ത്ര ബന്ധം പങ്കാളിത്തം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ചയില്‍ ധാരണയായി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി തെരേസ മേയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലാദ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്നലെ ചെനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ സന്നദ്ധമാണെന്ന് ചൈന കൂടിക്കാഴ്ചയില്‍ അറിയിച്ചു.