പുകയില തോട്ടങ്ങളില്‍ എരിഞ്ഞുതീരുന്ന ബാല്യങ്ങള്‍
ഇന്തോനേഷ്യയിലെ പുകയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് റിപ്പോര്‍ട്ട്.
ഇന്തോനേഷ്യയിലെ പുകയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. 15 വയസിന് താഴെയുള്ള കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കരുതെന്ന നിയമം പരസ്യമായി ലംഘിക്കപ്പെടുകയാണിവിടെ. തൊഴിലിടങ്ങളില്‍ നിന്ന് യഥേഷ്ടം ലഭിക്കുന്ന ലഹരിക്ക് അടിമപ്പെട്ട് നിരവധി ബാല്യങ്ങളാണ് ഇന്തോനേഷ്യയില്‍ നശിക്കുന്നത്.
പുകയില ഉല്‍പാദനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. പ്രധാന സിഗരറ്റ് കമ്പനികളെല്ലാം പുകയിലക്കായി ആശ്രയിക്കുന്നത് ഈ രാജ്യത്തെയാണ്. ഏകദേശം ആറ് ലക്ഷം തൊഴിലാളികളാണ് ഇന്തോനേഷ്യയിലെ പുകയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്നത്. കുട്ടികളാണ് ഇതില്‍ ഏറെയും. എന്നാല്‍ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇവര്‍ക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. തൊഴിലിടങ്ങളില്‍നിന്ന് യഥേഷ്ടം ലഭിക്കുന്ന ലഹരിക്ക് അടിമപ്പെട്ട് നശിക്കുകയാണ് ഇന്തോനേഷ്യന്‍ ബാല്യം. നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യം ഇന്തോനേഷ്യന്‍ സര്‍ക്കരിന്റെ ശ്രദ്ധയില്‍പെടുത്തിയതാണെങ്കിലും പുകയില തോട്ടങ്ങളില്‍ കുട്ടികള്‍ തൊഴിലെടുക്കുന്നത് തടയാന്‍ സര്‍ക്കാരിനായിട്ടില്ല.
15 വയസില്‍ താഴെയുള്ള കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കരുതെന്നാണ് ഇന്തോനേഷ്യയിലെ നിയമം. എന്നാല്‍ പത്ത് വയസുള്ള കുട്ടികളാണ് പുകയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരിലേറെയും. ശരീരത്തിലെ മുറിവുകളിലൂടെയും മറ്റും നിക്കോട്ടിന്‍ ശരീരത്തിനകത്തെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുക. ഇന്തോനേഷ്യയില്‍ 36 ശതമാനം ആണ്‍കുട്ടികളും 13 വയസില്‍ പുകവലി തുടങ്ങുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.