ഹരാരെയില്‍ പ്രതിഷേധങ്ങള്‍ക്ക് നിരോധം
സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയില്‍ എല്ലാതരം പ്രതിഷേധങ്ങള്‍ക്കും രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുപ്പത്തി.
സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയില്‍ എല്ലാതരം പ്രതിഷേധങ്ങള്‍ക്കും രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുപ്പത്തി. പ്രതിഷേധങ്ങള്‍ തുടര്‍ച്ചയായി അക്രമാസക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രസിഡന്‍റ് റോബര്‍ട്ട് മുംഗാബെ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥതകിടം മറിച്ചുവെന്നാരോപിച്ച് ഏതാനും ദിവസങ്ങളായി സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെല്ലാം പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഇതേ തുടര്‍ന്നാണ് തലസ്ഥാനനഗരിയില്‍ എല്ലാവിധ പ്രതിഷേധങ്ങളും താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഉത്തരവ് ലംഘിക്കുന്നവര്‍ പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. പൊലീസിനിടയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഉടലെടുക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ പൊലീസ് യൂണിഫോമിലെത്തി പ്രതിഷേധക്കാരെ സഹായിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം. 2018ല്‍ സിംബാബാവെയില്‍ യുഎന്‍ നിരീക്ഷണത്തില്‍ പുതിയ വോട്ടെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മന്ത്രിസഭയിലെ അഴിമതിക്കാരെ പുറത്താക്കാന്‍ പ്രസിഡന്‍റ് തയ്യാറാകണമെന്നും സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നുണ്ട്.