തുര്‍ക്കി - യൂറോപ്യന്‍ യൂണിയന്‍ ബന്ധം വഷളാകുന്നു
യൂറോപ്പിന്റെ വേവലാതികളെ തുര്‍ക്കിയോ തുര്‍ക്കി ജനതയോ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
തുര്‍ക്കി - യൂറോപ്യന്‍ യൂണിയന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. തുര്‍ക്കിയിലെ മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രതികരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം രംഗത്തു വന്നു. യൂറോപ്പിന്റെ വേവലാതികളെ തുര്‍ക്കിയോ തുര്‍ക്കി ജനതയോ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
തുര്‍ക്കി പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം തുര്‍ക്കിയുടെ ആഭ്യന്തര കാര്യങ്ങളിലിടപെടാനുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. യൂറോപ്പില്‍ ഒരു രാഷ്ട്രവും തുര്‍ക്കിയെ പത്ര സ്വാതന്ത്ര്യം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി അട്ടിമറി ശ്രമങ്ങള്‍ക്കെതിരായ നടപടികളുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.
ജൂലൈയില്‍ നടന്ന പട്ടാള അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്നാരോപിച്ച് തിങ്കളാഴ്ച പ്രതിപക്ഷ പത്രമായ 'ജുംഹൂരിയതി'ന്റെ എഡിറ്റര്‍ മുറാദ് സബുന്‍കു അടക്കം പത്തുപേരെ തുര്‍ക്കി പൊലീസ് പിടികൂടിയിരുന്നു. ഇത് പത്ര സ്വാതന്ത്രത്തിനെതിരായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ പാര്‍മെന്റ് തുര്‍ക്കിക്ക് റെഡ് ലൈന്‍ പ്രഖ്യാപിച്ചത്. രൂക്ഷമായാണ് യൂറോപ്യന്‍ നടപടിയോട് തുര്‍ക്കി പ്രതികരിച്ചത്.