അന്തോണിയോ ഗുട്ടേരിസ് യുഎന്‍ സെക്രട്ടറി ജനറല്‍
ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടേരിസിനെ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്
ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്തോണിയോ ഗുട്ടേരിസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായിരുന്ന ഗുട്ടേരിസിന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ വ്യാപക പിന്തുണ ലഭിച്ചിരുന്നു.
ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടേരിസിനെ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. ജനുവരി ഒന്നിനായിരിക്കും അദ്ദേഹം യു.എന്നിന്റെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലായി ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക. 67കാരനായ ഗുട്ടേരിസ് 1995-2002 കാലത്താണ് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്നത്.
2005 മുതല്‍ പത്തുവര്‍ഷം യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. യു.എന്‍ രക്ഷാസമിതിയിലെ 15 അംഗ രാഷ്ട്രങ്ങള്‍ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഗുട്ടേരിസിന്റെ പേര് പൊതുസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള മറ്റു നടപടിക്രമങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ ഗുട്ടെറസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടര്‍ന്ന്, സഭാസമ്മേളനവും നടക്കും. ഇതിനു ശേഷമാണ് സ്ഥാനാരോഹണം.