ജി 7 ഉച്ചകോടിക്ക് തുടക്കം
ആഗോള സുരക്ഷയും സമ്പത്ത് വ്യവ്സ്ഥയും ഉച്ചകോടിയില്‍ മുഖ്യവിഷയങ്ങളാകും
ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ജപ്പാനിലെ ഐ സ് ഷിമയില്‍ തുടക്കമായി. ആഗോള സുരക്ഷയും സമ്പത്ത് വ്യവസ്ഥയും ഉച്ചകോടിയില്‍ മുഖ്യവിഷയങ്ങളാകും. മിഡ് ഈസ്റ്റ് രാജ്യങ്ങളിലെ സംഘര്‍ഷവും സൌത്ത് ചൈന കടല്‍ തര്‍ക്കവും ഉച്ചകോടി ചര്‍ച്ച ചെയ്യും. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നീ ഏഴ് രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
തീവ്രവാദം, സൈബര്‍ സുരക്ഷ, തീരസുരക്ഷ തുടങ്ങിയവും ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും. സമീപകാലത്തുണ്ടായ പാരീസ് , ബ്രസല്‍ ഉച്ചകോടികളുടെ പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടായിരിക്കും ഉച്ചകോടി കൈക്കൊള്ളുക. ഫോറിന്‍ എക്സേഞ്ച് മാര്‍ക്കറ്റില്‍ സ്ഥിരത ഉറപ്പുവരുത്താനും ഉച്ചകോടിയില്‍ തീരുമാനമുണ്ടാകും. കൂടുതല്‍ സാമ്പത്തിക ഉത്തേജക പദ്ധതികളിലൂടെ പൊതുച്ചെലവ് വര്‍ധിപ്പിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആവശ്യപ്പെട്ടു. ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ സഹായമെത്തിക്കണമെന്ന് ജി 7 രാജ്യങ്ങളോട് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഉച്ചകോടിക്കായി വന്‍ സുരക്ഷയാണ് ജപ്പാനില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ജപ്പാനില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കെതിരെ പ്രതിഷേധം നടന്നു. നൂറ്കണക്കിന് ആളുകളാണ് ഉച്ചകോടി നടക്കുന്ന ഹാളിന് പുറത്ത് പ്രതിഷേധിച്ചത്. അന്താരാഷ്ട്ര സുരക്ഷയും ആഗോള സാമ്പത്തികനയവും വിഷയമാക്കിയുള്ളതാണ് ജപ്പാനില്‍ നടക്കുന്ന ജി 7 ഉച്ചകോടി. ലോകത്തിലെ ഏഴ് സമ്പന്ന രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുക്കന്നത്. ലോകത്താകമാനം സാധാരണക്കാരായ ആളുകള്‍ യുദ്ധക്കെടുതിക്കും മറ്റും ഇരായാവുന്നുണ്ടെന്നും ഇക്കാരണത്താലാണ് തങ്ങള്‍ ഉച്ചകോടിയെ എതിര്‍ക്കുന്നതെന്ന് പ്രതിഷേധകര്‍ പറഞ്ഞു.