റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി; സൂകിക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

Update: 2018-05-25 16:31 GMT
Editor : Jaisy
റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി; സൂകിക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
Advertising

പതിനായിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ദിനംപ്രതി മ്യാന്‍മറില്‍ നിന്നും പലായനം ചെയ്യുന്നത്

മ്യാന്‍മര്‍ നേതാവ് ആങ് സാങ് സൂകിക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കാനുള്ള അവസാന അവസരമാണ് സൂകിക്ക് നല്‍കിയിരിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് പറഞ്ഞു. പതിനായിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ദിനംപ്രതി മ്യാന്‍മറില്‍ നിന്നും പലായനം ചെയ്യുന്നത്.

ബിബിസിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആങ് സാങ് സൂകിക്ക് മുന്നറിയിപ്പ് നല്‍കിയതായി വ്യക്തമാക്കിയത്. മ്യാന്‍മറിലെ റാഖെയിനില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവസാന അവസരമാണ് സൂകിക്ക് നല്‍കിയിരിക്കുന്നത്. നിലവിലെ അവസ്ഥ തന്നെ തുടരുകയാണെങ്കില്‍ അത് ഭീകര ദുരന്തമാകുമെന്നും ഗുട്ടെറസ് പറഞ്ഞു. നിലവില്‍ പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരികെയെത്താനുള്ള സാഹചര്യം ഒരുക്കണം. ഇപ്പോഴും സൈന്യത്തിനാണ് മ്യാന്‍മറില്‍ മേല്‍കൈ ഉള്ളത്. അതുകൊണ്ട് തന്നെ അവര്‍ക്ക് എന്തും ചെയ്യാം. നിലവില്‍ നാല് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് ബംഗ്ലാദേശില്‍ അഭയം തേടിയിരിക്കുന്നത്. റോഹിങ്ക്യകള്‍ക്ക് അനുവദിച്ച സ്ഥലങ്ങളൊഴികെ മറ്റൊരിടത്തേക്കും പോകാന്‍ അവരെ അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി. കോക്സ് ബസാറില്‍ നാല് ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ചിരുന്നു. വേരുകളില്ലാത്ത റോഹിങ്ക്യകള്‍, രാജ്യത്ത് മുസ്‌ലിം സംഘടന രൂപീകരിക്കുകയാണെന്ന് മ്യാന്‍മര്‍ സൈനിക മേധാവി ജനറല്‍ മിനി ഔംഗ് ഹിലിംഗ് പറഞ്ഞു. പരമ്പരാഗത വിഭാഗമല്ലാത്ത അവരെ റോഹിങ്കകളായി അംഗീകരിക്കണമെന്നാണവരുടെ ആവശ്യമെന്നും സൈനിക മേധാവി ഫേസ്ബുക്ക് പോസ്റ്റില്‍ പറ‍ഞ്ഞു. നിലവില്‍ റോഹിങ്ക്യന്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സമാധാനത്തിനുള്ള നൊബേല്‍ നേടിയ ആങ് സാങ് സൂകി വലിയ വിമര്‍ശമാണ് നേരിടുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News