ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ പ്രമുഖ പോരാളി അഹമ്മദ് കത്രാഡ അന്തരിച്ചു

Update: 2018-05-27 08:18 GMT
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ പ്രമുഖ പോരാളി അഹമ്മദ് കത്രാഡ അന്തരിച്ചു
Advertising

അങ്കിൾ കാതി എന്നാണ് കത്രാഡെക്ക് ദക്ഷിണാഫ്രിക്കക്കാർ സ്നേഹപൂർവം നല്‍കിയ വിളിപ്പേര്. കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയസമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു കത്രാഡെ

ദക്ഷിണാഫ്രിക്കയിൽ വർണവിവേചന ഭരണകൂടത്തിനെതിരായ സ്വാതന്ത്ര്യപോരാട്ടത്തിലെ പ്രമുഖ പോരാളിയും ഇന്ത്യൻ വംശജനുമായ അഹമ്മദ് കത്രാഡ അന്തരിച്ചു. 87 വയസ്സായിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തോട് വിട പറഞ്ഞെങ്കിലും കത്രാഡ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

അങ്കിൾ കാതി എന്നാണ് കത്രാഡെക്ക് ദക്ഷിണാഫ്രിക്കക്കാർ സ്നേഹപൂർവം നല്‍കിയ വിളിപ്പേര്. കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയസമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു കത്രാഡെ. 1964ൽ റിവോണിയ രാജ്യദ്രോഹക്കേസിൽ കത്രാഡയും നെൽസൻ മണ്ടേലയും അടക്കമുള്ള എഎൻസിയുടെ മുതിർന്ന ഏഴു നേതാക്കള്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കത്രാഡ 26 വർഷം ജയിലിൽ കഴിഞ്ഞു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ മുൻനിര നേതാവായിരിക്കെ, 34-ാം വയസിലായിരുന്നു അഹമ്മദ് കത്രാഡയുടെ രാഷ്ട്രീയതടവിന്റെ തുടക്കം. 1989 ഒക്ടോബർ 15ന് ജയിൽ മോചിതനാകുമ്പോൾ കാതിക്ക് പ്രായം 60. നെൽസൻ മണ്ടേലയ്ക്കൊപ്പം തടവറയിൽ കഴിഞ്ഞത് 26 വർഷം. മൂത്ത സഹോദരൻ എന്നാണ് മണ്ടേലയെ കത്രാഡ വിളിച്ചിരുന്നത്.

മണ്ടേലയുമായുള്ള അടുത്ത സൗഹൃദം പുലര്‍ത്തിയ കത്രാഡ ആദ്യ സർക്കാരിലും പങ്കാളിയായിരുന്നു. പിന്നീട് സജീവരാഷ്ട്രീയം വിട്ടെങ്കിലും മനുഷ്യാവകാശ പ്രചാരണം ലക്ഷ്യമിട്ട് അഹമ്മദ് കത്രാഡ ഫൗണ്ടേഷൻ സ്ഥാപിച്ചു. അവസാനകാലം വരെ മനുഷ്യാവകാശം,വംശീയവിരുദ്ധത, അഭിപ്രായസ്വാതന്ത്ര്യം എന്നിവക്കായി പ്രവര്‍ത്തിച്ചു. കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കൻ സർക്കാരിനെതിരെ വൻ അഴിമതിയാരോപണങ്ങൾ ഉയർന്നപ്പോൾ പ്രസിഡന്റ് ജേക്കബ് സുമയോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം തുറന്ന കത്തെഴുതി.

Tags:    

Similar News