റോഹിങ്ക്യകളെ സംരക്ഷിക്കേണ്ടത് ലോകത്തിന്റെ കടമയെന്ന് ബംഗ്ലാദേശ് വ്യോമയാന മന്ത്രി
മ്യാന്‍മറില്‍ തിരികെയെത്തി സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം രോഹിങ്ക്യകള്‍ക്ക് നേടിക്കൊടുക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
നിരാലംബരായ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് സംരക്ഷണമൊരുക്കേണ്ടത് ലോകത്തിന്‍റെ കടമയാണെന്ന് ബംഗ്ലാദേശ് വ്യോമയാന മന്ത്രി റാഷിദ് ഖാന്‍ മേനന്‍. ഇന്ത്യയും അങ്ങനെ ചെയ്യണമെന്നാണ് തന്റെ അഭിപ്രായം. മ്യാന്‍മറില്‍ തിരികെയെത്തി സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്ക് നേടിക്കൊടുക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
നാലര ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലുള്ളത്. ഇതില്‍ ഏഴായിരത്തോളം ഗര്‍ഭിണികളും ഒന്നര ലക്ഷത്തോളം കുട്ടികളുമുണ്ട്. പലരും ജീവച്ഛവങ്ങള്‍. ബംഗ്ലാദേശ് സര്‍ക്കാരിന് കഴിയാവുന്ന തരത്തില്‍ അവരെ സംരക്ഷിക്കുന്നുണ്ട്. പട്ടാളത്തിന്റെ പിടിയിലാവരെയോര്‍ത്ത് അഭയാര്‍ത്ഥികള്‍ക്ക് സങ്കടപ്പെടാനല്ലാതെ മറ്റ് വഴികളില്ല. ബംഗ്ലാദേശ് വ്യോമയാന മന്ത്രി റാഷിദ് ഖാന്‍ പറയുന്നു.
വംശഹത്യയില്‍ നിന്ന് ജീവനും കൊണ്ടോടി പോന്നവരെ സംരക്ഷിക്കേണ്ട ബാധ്യത എല്ലാ ലോക രാജ്യങ്ങള്‍ക്കുമുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളിലേക്ക് ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി പരാമാവധി ശ്രമിക്കുന്നുണ്ട്. സമാധാനത്തിന്റെ നോബല്‍ സമ്മാനം വാങ്ങിയ ഓങ് സാന്‍ സുചി സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടക്കുന്ന സൌത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ്, ഇടത് പാര്‍ട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബംഗ്ലാദേശ് വര്‍ക്കേഴ്സ് പാര്‍ട്ടി പ്രസിഡണ്ട് കൂടിയായ റാഷിദ് ഖാന്‍.