മൌസിലില്‍ യുഎസ് - ഇറാഖി സേനയുടെ മുന്നേറ്റം തുടരുന്നു

Update: 2018-05-31 17:58 GMT
Editor : Alwyn K Jose
മൌസിലില്‍ യുഎസ് - ഇറാഖി സേനയുടെ മുന്നേറ്റം തുടരുന്നു
Advertising

കീഴടങ്ങാന്‍ ഐഎസിന് ഇറാഖി സേന മുന്നറിയിപ്പ് നല്‍കി. യുദ്ധം രൂക്ഷമായതോടെ മേഖലയില്‍ നിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്.

ഇറാഖിലെ മൌസിലില്‍ യുഎസ് സേനയുടെ സഹായത്തോടെ ഇറാഖി സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നു. കീഴടങ്ങാന്‍ ഐഎസിന് ഇറാഖി സേന മുന്നറിയിപ്പ് നല്‍കി. യുദ്ധം രൂക്ഷമായതോടെ മേഖലയില്‍ നിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്. എന്നാല്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ആവശ്യത്തിന് സൌകര്യങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഐഎസിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നായ മൌസില്‍ ലക്ഷ്യമാക്കി ഇറാഖി സൈന്യം ശക്തമായ മുന്നേറ്റം നടത്തുകയാണ്. യുഎസ് സൈന്യത്തിന്റെയും കുര്‍ദ് പെഷമെര്‍ഗ സൈന്യത്തിന്റെയും പിന്തുണയോടെയാണ് പോരാട്ടം. മൌസിലിനടുത്ത 20 ഗ്രാമങ്ങള്‍ ഇറാഖി സൈന്യം പിടിച്ചെടുത്തു. കൂടുതല്‍ ഭാഗങ്ങളിലേക്ക് പോരാട്ടം ശക്തമാക്കിയിരിക്കയാണ്. ഏകദേശം ആറായിരത്തിലേറെ ഐഎസ് തീവ്രവാദികളാണ് ഇപ്പോള്‍ മൌസിലിലുള്ളതെന്നാണ് സൈന്യത്തിന്റെ കണക്ക്. പോരാട്ടം ശക്തമായതോടെ കീഴടങ്ങുകയല്ലാതെ മറ്റൊരു പോംവഴിയും ഇവര്‍ക്ക് മുന്നിലിലെന്നാണ് സൈന്യത്തിന്റെ നിലപാട്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മൌസിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാവുമെന്ന് സൈനിക മേധാവി അറിയിച്ചു. എന്നാല്‍ ഐഎസിനെതിരായ സൈനിക നടപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പുറത്ത് വിട്ടില്ല. അതിനിടെ സംഘര്‍ഷം രൂക്ഷമായതോടെ മൌസിലില്‍ നിന്ന് ആളുകളുടെ പലായനം തുടരുകയാണ് . കഴിഞ്ഞദിവസങ്ങളില്‍ 5000ത്തിലേറെ പേര്‍ സിറിയയിലെ അഭയാര്‍ഥിക്യാമ്പുകളിലേക്ക് പലായനം ചെയ്തതായാണ് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക്. ഏകദേശം 15 ലക്ഷം ആളുകള്‍ ഇപ്പോഴും മൌസിലിലുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൌണ്ട് തന്നെ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ഐഎസ് തദ്ദേശവാസികളെ മനുഷ്യകവചമായി ഉപയോഗിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News