സിറിയയില്‍ യുദ്ധരംഗത്തെ വിമതര്‍ പിന്മാറി തുടങ്ങി

ദര്‍ആയില്‍ യുദ്ധരംഗത്തുണ്ടായിരുന്ന വിമതരും അവരുടെ കുടുംബാംഗങ്ങളുമാണ് ഹമാ പ്രവിശ്യയിലെ ഖലാത് അല്‍ മദീക്കിലെത്തിയത്...

Update: 2018-07-17 02:07 GMT
Advertising

സിറിയയിലെ ദര്‍ആയില്‍ സര്‍ക്കാരിനെതിരെ യുദ്ധരംഗത്തുണ്ടായിരുന്നവര്‍ വിമതര്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങി. വിമതരും റഷ്യന്‍ സേനയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായാണ് വിമതര്‍ക്ക് അവര്‍ നിര്‍ദേശിച്ച ഇടങ്ങളിലേക്ക് മാറാനായത്.

ദര്‍ആയില്‍ യുദ്ധരംഗത്തുണ്ടായിരുന്ന വിമതരും അവരുടെ കുടുംബാംഗങ്ങളുമാണ് ഹമാ പ്രവിശ്യയിലെ ഖലാത് അല്‍ മദീക്കിലെത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ വിമതരും ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്ന റഷ്യന്‍ സൈന്യവും തമ്മില്‍ നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ചയെ തുടര്‍ന്നാണിത്. ദര്‍ആയില്‍ യുദ്ധം അവസാനിപ്പിച്ചാല്‍ സിറിയന്‍ ഭരണത്തിനു കീഴില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വിമതരുടെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളിലേക്ക് മാറാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം സിറിയന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഹമാ പ്രവിശ്യക്ക് പുറമെ കാഹില്‍, അല്‍ സഹ്വ, അല്‍ ജിസ, അല്‍ മിസൈഫിറ എന്നീ ഗ്രാമങ്ങളിലേക്കും വിമതര്‍ക്ക് പിന്‍വാങ്ങാനാകും. വെടിനിര്‍ത്തലിനെ തുടര്‍ന്ന് ദര്‍ആയുടെ ഭൂരിഭാഗം പ്രദേശവും സിറിയന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. മാസങ്ങളായി തുടരുന്ന ദര്‍ആ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നര ലക്ഷത്തോളം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് പലായനം വന്നിട്ടുണ്ട്.

Tags:    

Similar News