യമന്‍ സമവായ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു
യമനിലെ യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് ആണ് ജനീവയിലെ സമവായ ചര്‍ച്ച സംബന്ധിച്ച വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. യമനില്‍ തുടരുന്ന രൂക്ഷമായ പ്രതിസന്ധിക്ക് വൈകാതെ പരിഹാരം കാണാന്‍...
യമന്‍ പ്രശ്‌നപരിഹാരത്തിനായി സമവായ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. ഐക്യരാഷ്ട്രസഭ നേതൃത്വം നല്‍കുന്ന സമവായ ചര്‍ച്ച സെപ്തംബര്‍ ആറിന് ജനീവയിലാണ് നടക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് യെമന്‍ പ്രതിസന്ധി പരിഹാര ചര്‍ച്ചക്ക് ഇരു വിഭാഗങ്ങളും എത്തുന്നത്.
യമനിലെ യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് ആണ് ജനീവയിലെ സമവായ ചര്‍ച്ച സംബന്ധിച്ച വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. യമനില്‍ തുടരുന്ന രൂക്ഷമായ പ്രതിസന്ധിക്ക് വൈകാതെ പരിഹാരം കാണാന്‍ ജനീവ ചര്‍ച്ച ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. വാഷിങ്ടണ്‍, യമന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്കിടയില്‍ യമന്‍ സമാധാന ദൗത്യ ഭാഗമായി നടന്ന നീക്കങ്ങളാണ് ഒടുവില്‍ ലക്ഷ്യം കാണുന്നത്.
ആദ്യ റൗണ്ട് ചര്‍ച്ചക്കു വേണ്ടിയാണ് പരസ്പരം പോരടിക്കുന്ന യമന്‍ വിഭാഗങ്ങളെ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് യു.എന്‍ ദൂതന്‍ അറിയിച്ചു. ഭാവി ചര്‍ച്ചകളുടെ രൂപ തയാറാക്കുന്നതിനു പുറമെ കൃത്യമായ സമാധാന പദ്ധതി ആവിഷ്‌കരിക്കാനും ജനീവ ചര്‍ച്ച പാതയൊരുക്കുമെന്നാണ് വിലയിരുത്തല്‍. കുവൈത്തില്‍ ആയിരുന്നു അവസാനമായി യമന്‍ പ്രതിസന്ധി പരിഹാര ചര്‍ച്ച നടന്നത്. ഹുദൈദ ഉള്‍പ്പടെ നഗരങ്ങളില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം ഹൂത്തികള്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് സമവായനീക്കം പരാജയപ്പെട്ടത്. സമഗ്ര പദ്ധതിയുടെ ഭാഗമായി ഹുദൈദ പ്രതിസന്ധിക്കും പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് യു.എന്‍ കരുതുന്നത്.