ട്രംപിന്റെ വാദങ്ങൾ നിരുത്തരവാദപരം: അമേരിക്കൻ പ്രസിഡന്റിനെതിരെ ചൈന
ആണവനിരായുധീകരണത്തിനായി ഉത്തരകൊറിയ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു
ഉത്തരകൊറിയയുടെ ആണവ പദ്ധതിക്ക് മേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നില്ലെന്ന ട്രംപിന്റെ വാദം നിരുത്തരവാദപരമാണെന്ന് പറഞ്ഞ് ചൈന രംഗത്ത്. ആണവനിരായുധീകരണത്തിനായി ഉത്തരകൊറിയ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഉത്തരകൊറിയന്‍ ദൂദനായ സ്റ്റീഫന്‍ ബീഗനും തമ്മില്‍ അടുത്തയാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കാനും ഇത് മൂലം തീരുമാനിച്ചിരുന്നു. ശേഷമാണ് ചൈനയുടെ പ്രതികകരണം.
അതേസമയം അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് കൊറിയയിലെ ആണവനിരായൂധീകരണത്തിന് ചൈന അമേരിക്കയെ സഹായിക്കുന്നില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്രംപ് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ ചൈനക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു.
ഉത്തരകൊറിയ ഒരു ആണവ ഭീഷണിയായി നിലനില്‍ക്കില്ലെന്നായിരുന്നു ജൂണില്‍ സിങ്കപ്പൂരിൽ നടന്ന ട്രംപ്-കിം ഉച്ചകോടിക്ക് ശേഷം ട്രംപ് പ്രസ്താവിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുന്നതാണ് കണ്ടത്. ഉത്തരകൊറിയ അവരുടെ ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്നതായി ഐക്യരാഷ്ട്ര സംഘടനയും വ്യക്തമാക്കിയിരുന്നു.