ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന്‌ ഇംറാന്‍ ഖാന്‍ 

Update: 2018-09-18 02:56 GMT
Advertising

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പാകിസ്ഥാനില്‍ ജനിച്ച അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കുക. രാജ്യത്തെ കുഴപ്പങ്ങള്‍ക്ക് കാരണം അഭയാര്‍ത്ഥികളാണെന്ന സൈന്യത്തിന്‍റെ നിലപാട് നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം 14 ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് നിലവില്‍ പാകിസ്ഥാനിലുള്ളത്.

1970ലെ സോവിയറ്റ് അധിനിവേശകാലത്ത് രാജ്യത്ത് എത്തിയവരാണ് ഇവരില്‍ അധികമാളുകളും. 2 ലക്ഷത്തോളം ബംഗ്ലാദേശ് അഭയാര്‍ത്ഥികളും രാജ്യത്തുണ്ട്. 1971ല്‍ ബംഗ്ലാദേശ് പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ സമയത്ത് രാജ്യത്ത് തങ്ങിയവരാണ് ഇവര്‍. 40 വര്‍ഷത്തിലധികമായി അഭയാര്‍ത്ഥികള്‍ രാജ്യത്ത് ജീവിക്കുകയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു. ഇവരുടെ മക്കള്‍ ഇപ്പോള്‍ വലുതായിരിക്കുന്നു. രാജ്യത്ത് ജനിച്ചു വളര്‍ന്ന ഇവര്‍ക്ക് പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാജ്യത്ത് നിലവിലുള്ള കുഴപ്പങ്ങള്‍ക്ക് പിന്നില്‍ അഭയാര്‍ത്ഥികളായതിനാല്‍ പൗരത്വം നല്‍കേണ്ടന്നായിരുന്നു സൈന്യത്തിന്‍റെ നിലപാട്. പാകിസ്ഥാനിലെ മുന്‍ സര്‍ക്കാരുകളും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെ പിന്തുണച്ചിരുന്നില്ല. അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ച കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. പാക് സര്‍ക്കാര്‍ നിലപാടിനെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കമ്മീഷന്‍ ‌ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന് നിരീക്ഷിച്ച് വരികയാണെന്നും യു.എന്‍.എച്ച്സി.ആര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News