ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു
ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ആർതർ ആഷ്‌കിൻ, ജെറാർഡ് മോറോ, ഡോണാ സ്‌ട്രിക്‌ലാൻഡ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ലേസർ ഫിസിക്സ് രംഗത്ത് നടത്തിയ പഠനങ്ങൾക്കാണ് പുരസ്‌കാരം. ഭൗതികശാസ്ത്രത്തിൽ നൊബേൽ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വനിതാ ശാസ്ത്രജ്ഞയാണ് ഡോണാ സ്‌ട്രിക്‌ലാൻഡ്.
വിവിധ മേഖലകളിൽ വിപ്ലവാത്മകമായ പഠനങ്ങൾ നടത്തുന്നവരെ ആദരിക്കുന്നതിനായിട്ടാണ് നൊബേൽ പുരസ്‌കാരങ്ങൾ നൽകുന്നത്. ശാസ്ത്രമേഖലയിൽ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവക്കാണ് പുരസ്‌കാരം നൽകിവരുന്നത്.
പുരസ്‌കാര വിജയികൾക്ക് ഒമ്പത് മില്യൺ ക്രോണർ ( 770000 യൂറോ ) സമ്മാനത്തുകയായി ലഭിക്കും. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് സമ്മാനത്തുക നിശ്ചയിച്ചിട്ടുള്ളത്.
55 വർഷങ്ങൾക്ക് മുമ്പാണ് ഭൗതികശാസ്ത്രത്തിൽ ഒരു വനിതക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചത്. 1963 ൽ മരിയ ഗോപ്പാർട്ട് മേയർ ആണ് ഭൗതികശാസ്ത്രത്തിൽ അവസാനമായി നൊബേൽ പുരസ്‌കാരം പങ്കിട്ടത്. ആറ്റത്തിനുള്ളിൽ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട പഠനത്തിനാണ് അവർ പുരസ്‌കാരത്തിന് അർഹയായത്.
റയ്നർ വെയ്‌സ്, ബാരി ബാരിഷ്, കിപ് തൊണ് എന്നീ ശാസ്ത്രജ്ഞരാണ് കഴിഞ്ഞ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പങ്കിട്ടത്.