സിറിയക്ക് റഷ്യയുടെ എസ് 300 മിസൈലുകള്‍ കൈമാറി
കഴിഞ്ഞ മാസം സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചത്.
സിറിയക്ക് പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറിയതായി റഷ്യ. റഷ്യന്‍ സൈനിക വിമാനം സിറിയയില്‍ വച്ച് കാണാതായ സാഹചര്യത്തിലാണ് മിസൈല്‍ കൈമാറ്റം. കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ദീര്‍ഘദൂര എസ് 300 മിസൈല്‍ സിസ്റ്റമാണ് റഷ്യ സിറിയക്ക് കൈമാറിയത്.
സിറിയയിലെ സൈന്യത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മിസൈല്‍ കൈമാറ്റമെന്ന് റഷ്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി സെര്‍ജി ഷൊയിഗു പറഞ്ഞു. മിസൈല്‍ പ്രതിരോധ സംവിധാനത്തിനൊപ്പം റഡാറുകളും അനുബന്ധ വാഹനങ്ങളും റഷ്യ കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ മാസം സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ റഷ്യ തീരുമാനിച്ചത്. പുതിയ മിസൈല്‍ സിസ്റ്റം ഉപയോഗിക്കാന്‍ സൈനികര്‍ക്ക് ഉടന്‍ പരിശീലനം നല്‍കുമെന്നും, ഒക്ടോബര്‍ 25ന് പുതിയ സിസ്റ്റം പ്രവര്‍ത്തനക്ഷമമാകുമെന്നും റഷ്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി സെര്‍ജി ഷൊയിഗു പറഞ്ഞു.