മധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളായ കുട്ടികളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

അഭയാര്‍ഥികള്‍ക്ക് ആവശ്യത്തിനുള്ള മരുന്നും കിട്ടുന്നില്ല. ദുരിതം പേറുന്നവരില്‍ ഗര്‍ഭിണികളായ സ്ത്രീകളുമുണ്ടെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാണിക്കുന്നു.

Update: 2018-10-30 07:09 GMT
Advertising

മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ആവശ്യമാണെന്ന് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ആവശ്യത്തിനുള്ള മരുന്നോ ശുദ്ധജലമോ കുട്ടികള്‍ക്ക് കിട്ടുന്നില്ലെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. മെക്സിക്കോയിലെ ഓക്സാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അതേസമയം അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് 5200 സൈനികരെ വിന്യസിച്ചു.

ദുരിതം മാത്രം സമ്മാനിച്ച ജന്മനാട്ടില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുകയാണ് ലക്ഷ്യം. സമാധാനമായി ജീവിക്കാനുള്ള ആഗ്രഹത്തില്‍ വാഹനങ്ങളില്‍ തിക്കിത്തിരക്കിയാണ് സഞ്ചാരം. അതിനിടയില്‍ പെട്ടു പോകുന്ന കുട്ടികളുടെ സ്ഥിതി ദയനീയമാണ്.

2000ത്തിലേറെ കുട്ടികള്‍ ഇതു പോലെ അഭയാര്‍ഥി വാഹനങ്ങളില്‍ തിക്കിലും തിരക്കിലും പെട്ട് യാത്ര ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യകരമല്ലാത്ത യാത്ര കഴിയുന്നതോടെ കുട്ടികള്‍ രോഗികളായി മാറുകയാണ്. പല കുട്ടികള്‍ക്കും പനി, ശ്വാസ കോശ രോഗങ്ങള്‍ എന്നിവ പിടിപെട്ടതായും സംഘടന വ്യക്തമാക്കുന്നുണ്ട്. അഭയാര്‍ഥികള്‍ക്ക് ആവശ്യത്തിനുള്ള മരുന്നും കിട്ടുന്നില്ല. ദുരിതം പേറുന്നവരില്‍ ഗര്‍ഭിണികളായ സ്ത്രീകളുമുണ്ടെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാണിക്കുന്നു.

പലപ്പോഴും വാഹക ശേഷിയുടെ ഇരട്ടിയിലധികം ആളുകളുമായാണ് അഭയാര്‍ഥി വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. കൂടാതെ കാലാവസ്ഥാ മാറ്റവും കുട്ടികളുള്‍പ്പെടെയുള്ളവരെ രോഗത്തിലേക്ക് തള്ളിവിടുന്നതിന് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News