ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ ക്രൂരത കാണാതെ പോകരുത്...

തോല്‍ക്കാന്‍ മനസില്ലാത്ത കരടിക്കുഞ്ഞിന്റെ വീഡിയോ വൈറല്‍ ആകുകയും ചെയ്തു. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലൊരു കറുത്ത സത്യമുണ്ടെന്ന് അധികമാരും അറിഞ്ഞില്ല.

Update: 2018-11-12 10:47 GMT
Advertising

കഴിഞ്ഞദിവസം റഷ്യയിലെ മഞ്ഞു നിറഞ്ഞ പര്‍വതമുകളില്‍ നിന്നുള്ള ഒരു കരടിക്കുഞ്ഞിന്റെ വിജയം ലോകം ഏറ്റെടുത്തിരുന്നു. പല തവണ പരാജയപ്പെട്ടിട്ടും ആകാശമുട്ടെ വളര്‍ന്ന ലക്ഷ്യം എത്തിപ്പിടിക്കുന്നവന്‍ എന്ന പേരിലായിരുന്നു ഈ കരടിക്കുഞ്ഞിന്റെ കഠിനമലകയറ്റം സോഷ്യല്‍മീഡിയ നെഞ്ചിലേറ്റിയത്. അമ്മയ്ക്കൊപ്പം മഞ്ഞുമലയുടെ മുകളിലെത്താന്‍ ശ്രമിക്കുന്ന കരടിക്കുഞ്ഞ് പല തവണ പരാജയപ്പെട്ടു താഴേക്കു പതിക്കുന്നതും ഒടുവില്‍ വിജയം കൈവരിച്ച് അമ്മയോടൊപ്പം ചേരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

റഷ്യയിലെ മഗദന്‍ വനമേഖലയില്‍ നിന്നു ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ കനേഡിയന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി അംഗമായ സിയാ തോങാണ് സമൂഹമാധ്യമങ്ങളിലെത്തിച്ചത്. വീഡിയോ കണ്ടവര്‍ കരടിക്കുഞ്ഞിനെ ഏറ്റെടുത്തു. ഇതോടെ തോല്‍ക്കാന്‍ മനസില്ലാത്ത കരടിക്കുഞ്ഞിന്റെ വീഡിയോ വൈറല്‍ ആകുകയും ചെയ്തു. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലൊരു കറുത്ത സത്യമുണ്ടെന്ന് അധികമാരും അറിഞ്ഞില്ല. ഡ്രോണ്‍ ഉപയോഗിച്ചാണ് കരടിക്കുഞ്ഞിന്റെയും അമ്മയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തങ്ങളെ ആക്രമിക്കാന്‍ പറന്നെത്തിയ ഒരു ജീവിയില്‍ നിന്ന് രക്ഷപെട്ട് സുരക്ഷിത കേന്ദ്രം തേടി ഓടുകയായിരുന്നു ആ കരടിയും കുഞ്ഞുമെന്നാണ് അല്‍ജസീറ പുറത്തുവിടുന്ന പുതിയ വിവരം.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൂളി എത്തിയ ഡ്രോണിനെ കണ്ട് ഭയന്നാണ് ഇരുവരും അത്രയധികം ഉയരമില്ലാത്ത പര്‍വതത്തിന്റെ മുകളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. മൂന്നു തവണയാണ് കരടിക്കുഞ്ഞ് മലമുകളിലെത്തും മുമ്പ് താഴേക്ക് പതിച്ചത്. ആദ്യ രണ്ടു തവണത്തെ ശ്രമവും പരാജയപ്പെട്ട കരടിക്കുഞ്ഞ് തോല്‍വി വഴങ്ങാന്‍ കൂട്ടാക്കാതെ മൂന്നാം തവണയും കയറി തുടങ്ങി. മൂന്നാം തവണ കരടിക്കുഞ്ഞിന്റെ ശ്രമം വിജയത്തിന്റെ വക്കിലെത്തിയപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ഡ്രോണ്‍ വില്ലനായത്.

ദൃശ്യങ്ങള്‍ അടുത്തു ലഭിക്കാന്‍ ഡ്രോണ്‍ കുഞ്ഞിന്റെ തൊട്ടടുത്തേക്ക് ചെന്നതോടെ അമ്മക്കരടി ഭയന്ന്, ആക്രമിക്കാന്‍ വരുന്ന ജീവിയെ കൈ വീശി അകറ്റാന്‍ ശ്രമിച്ചു. ഇതോടെ മഞ്ഞുമലയുടെ കുറച്ചുഭാഗം ഇടിഞ്ഞു. ഇതിനൊപ്പം കരടിക്കുഞ്ഞ് താഴേക്ക് പതിച്ചു. ഇത്തവണ കുറേ താഴേക്ക് പോയ കരടിക്കുഞ്ഞിന് പിടികിട്ടിയത് പാറക്കൂട്ടത്തിലായിരുന്നു. ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ കരടിക്കുഞ്ഞ് അമ്മയ്ക്കൊപ്പം എത്തി. വീഡിയോ ചിത്രീകരിച്ചതിലെ ക്രൂരത പുറത്തുവന്നതോടെ ഡ്രോണ്‍ കാമറകളുമായി കാട് കയറുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരിക്കുകയാണ്.

The ugly truth behind the viral video of a baby bear struggling to reach his mum on a clifftop.

Posted by Al Jazeera English on Thursday, November 8, 2018
Tags:    

Similar News