എത്യോപ്യന്‍ വിമാനാപകടത്തിന് കാരണം തേടി അധികൃതര്‍; ബോയിങ് 737 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധനക്കായി ഫ്രാന്‍സിലെത്തിച്ചു

Update: 2019-03-15 02:47 GMT
Advertising

എത്യോപ്യയില്‍ തകര്‍ന്നു വീണ ബോയിങ് 737 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഫ്രാന്‍സിലെത്തിച്ചു. അപകട കാരണം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതിനിടെ ബോയിങ് 737 വിമാനത്തിന്റെ സര്‍വീസ് ഏതാനും രാജ്യങ്ങള്‍ കൂടി നിര്‍ത്തിവെച്ചു. അപകടം അന്വേഷിക്കുന്ന ഫ്രാന്‍സിലെ ബ്യൂറോ ഓഫ് എന്‍ക്വയറി ആന്‍ഡ് അനാലിസിസ് ഫോര്‍ സിവില്‍ ഏവിയേഷന്‍ സേഫ്റ്റിയിലാണ് വ്യോമാവശിഷ്ടങ്ങള്‍ എത്തിച്ചത്. ബ്ലാക്ക് ബോക്സ് ഉള്‍പ്പടെയുള്ള ഭാഗങ്ങളാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍ ബ്ലാക്ക് ബോക്സ് അപഗ്രഥിച്ച് അപകടം സംബന്ധിച്ച് പ്രാഥമിക വിവരം ലഭിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്സ് ലഭിച്ചുവെന്നും ഇത് പരിശോധിച്ച് വിവരങ്ങള്‍ ലഭിക്കാന്‍ ഒന്നര മുതല്‍ ഏഴ് ദിവസംവരെ എടുക്കുമെന്നും ബി.ഇ.എ വക്താവ് അറിയിച്ചു.

ആറ് മാസത്തിനിടെ ബോയിങ് 737 ന്റെ രണ്ട് വിമാനങ്ങള്‍ തകര്‍‌ന്നു വീണതോടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയുയര്‍ന്നിരുന്നു. ഇതോടെ വിവിധ രാജ്യങ്ങള്‍ ഈ വിമാനത്തിന്റെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും അതിര്‍ത്തിക്കകത്തേക്ക് പ്രവേശിക്കുന്നത് തടയുന്നത് തുടരുകയുമാണ്. വ്യാഴാഴ്ച റഷ്യ, ജപ്പാന്‍.തുനീഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തിയിലേക്ക് വിമാനം പ്രവേശിക്കുന്നത് തടഞ്ഞു. നേരത്തെ അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങളും വ്യോമ സര്‍വീസും പ്രവേശനവും തടഞ്ഞിരുന്നു. ആഡിസ് അബാബയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെയുണ്ടായ അപകടത്തില്‍ 157 പേരാണ് മരിച്ചത്. 35 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യോനേഷ്യയിലുണ്ടായ വിമാനാപകടത്തില്‍ 189 പേര്‍ മരിച്ചിരുന്നു. ഇരുവിമാനപകടങ്ങളിലും സാമ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags:    

Similar News