ഇനി പാട്ടിന്‍റെ വരികള്‍ അറിയണ്ട, ഒന്നു മൂളിയാല്‍ മതി യുട്യൂബ് കണ്ടുപിടിച്ചുതരും

ഗൂഗിള്‍ അസിസ്റ്റന്‍റില്‍ നേരത്തെ ലഭ്യമായ ഫീച്ചറാണ് യുട്യൂബ് മ്യൂസികിലൂടെ പുറത്തിറക്കിയിരിക്കുന്നത്

Update: 2024-05-29 05:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാലിഫോര്‍ണിയ: ചില പാട്ടുകള്‍ നാവിന്‍ തുമ്പത്ത് ഇങ്ങനെ വന്ന് തുള്ളിക്കളിക്കുന്നുണ്ടാകും. ഈണം ഓര്‍മയിലുണ്ടെങ്കിലും വരികള്‍ മറന്നിട്ടുണ്ടാകും. എന്നാല്‍ പാട്ടേതാണെന്ന് കൃത്യമായിട്ട് അറിയുകയുമില്ല. എന്നാലിപ്പോള്‍ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യുട്യൂബ്. ഗൂഗിള്‍ അസിസ്റ്റന്‍റില്‍ നേരത്തെ ലഭ്യമായ ഫീച്ചറാണ് യുട്യൂബ് മ്യൂസികിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

'play, sing or hum a song' എന്ന ഈ ഫീച്ചര്‍ ആപ്പിളിന്‍റെ ഷാസാമിനോട് സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ പ്രിയഗാനം കണ്ടുപിടിക്കാന്‍ വരികള്‍ അറിയണമെന്ന് നിര്‍ബന്ധമില്ല, ഒന്നു മൂളിയാല്‍ മതി യുട്യൂബ് പാട്ട് കണ്ടുപിടിച്ചുതരുമെന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. യുട്യൂബ് മ്യൂസിക് ആപ്പ് വഴി നിലവിൽ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഫീച്ചര്‍ ലഭ്യമാണ്. മറ്റൊരു ഉപകരണത്തില്‍ പ്ലേ ചെയ്തോ പാടുകയോ ഈണം മൂളുകയോ ചെയ്താല്‍ നിങ്ങള്‍ ഉദ്ദേശിച്ച പാട്ട് കണ്ടുപിടിക്കാം. ഫീച്ചര്‍ മ്യൂസിക് ആപ്പിലേക്ക് സംയോജിപ്പിച്ചതിലൂടെ ഒരൊറ്റ ആപ്പിനുള്ളിൽ പാട്ടുകൾ തിരിച്ചറിയാനും പ്ലേ ചെയ്യാനും എളുപ്പം സാധിക്കുന്നു.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണില്‍ യൂട്യൂബ് മ്യൂസിക് ആപ്പ് തുറക്കുക. ശേഷം സേർച്ച് ഐക്കൺ ക്ലിക്ക് ചെയ്യുക. സെർച്ച് ബാറിലെ മൈക്രോഫോൺ ഐക്കണിന്റെ അടുത്തായി, നിങ്ങൾ ഒരു പുതിയ വേവ്ഫോം ഐക്കൺ കാണാൻ സാധിക്കും. ഇത് ഹം ടു സെർച്ച് ഫീച്ചറിന് വേണ്ടി ഉള്ള പുതിയ ഐക്കൺ ആണ്. വേവ്‌ഫോം ഐക്കൺ അമർത്തിപ്പിടിക്കുക, നിങ്ങൾക്ക് വേണ്ട പാട്ട് മൂളുകയോ പാടുകയോ വിസിൽ മുഴക്കുകയോ ചെയ്യാം. മെലഡി ദൈർഘ്യമേറിയതും വ്യക്തവുമാകുമ്പോൾ പെട്ടെന്ന് കൃത്യമായ പാട്ട് കണ്ടുപിടിക്കാം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News