കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ക്രൌഡ് ഫണ്ടിംഗിന് ഇന്ന് തുടക്കം
തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും സംഭാവന നല്‍കുന്നതിനുള്ള സംവിധാനമാണ് ക്രൌഡ് ഫണ്ടിംഗ്. ഇതിനായുള്ള വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ക്രൌഡ് ഫണ്ടിംഗിന് ഇന്ന് തുടക്കമാകും. ക്രൌഡ് ഫണ്ടിംഗ് വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരുടെ വിദേശയാത്ര അടക്കമുള്ള വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗവും ചര്‍ച്ച ചെയ്യും.
തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും സംഭാവന നല്‍കുന്നതിനുള്ള സംവിധാനമാണ് ക്രൌഡ് ഫണ്ടിംഗ്. ഇതിനായുള്ള പോര്‍ട്ടല്‍ സജ്ജമായിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും. ഇവയില്‍ താത്പര്യമുള്ള പദ്ധതികളുടെ നിര്‍മ്മാണത്തിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭാവന ചെയ്യാം. കമ്പനികള്‍ക്ക് തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ പദ്ധതികളെ ഉള്‍പ്പെടുത്താന്‍ കഴിയും വിധമാണ് പോര്‍ട്ടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബില്‍ഡിംഗ് മെറ്റീരിയല്‍ ടെക്നോളജി പ്രൊമോഷന്‍ സെല്‍ അംഗീകരിച്ച വിശ്വാസ്യതയുള്ള ഏജന്‍സികളെയാവും വിവിധ പുനര്‍നിര്‍മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല വിധി, പ്രളയദുരിതാശ്വാസം തുടങ്ങിയ വിഷയങ്ങള്‍ മന്ത്രിസഭയോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. ധനസമാഹരണത്തിന് വിദേശത്ത് പോകാന്‍ മുഖ്യമന്ത്രിക്ക് മാത്രമേ ഇതുവരെ അനുമതി ലഭിച്ചിട്ടുള്ളു. മറ്റ് മന്ത്രിമാരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കെ ഇക്കാര്യവും മന്ത്രിസഭയോഗം ചര്‍ച്ച ചെയ്തേക്കും.