പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം; 3 കുട്ടികളും ചികിത്സയിൽ

ഒന്നും രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്, ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം

Update: 2023-08-05 01:03 GMT
Advertising

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം. ഇവരിൽ എട്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്നു കുട്ടികൾ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

പേവാർഡിൽ കഴിയുന്ന രോഗികൾക്ക് ഒമ്പത് മണിയോടെ കുത്തിവെപ്പെടുത്തിരുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം വിറയലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. എന്ത് പാകപ്പിഴവാണ് സംഭവത്തിന് പിറകിലെന്ന് വ്യക്തമല്ല.

കുത്തിവെയ്പ്പ് എടുത്തതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്. മരുന്ന് മാറി കുത്തിവെച്ചാണ് അസ്വസ്ഥതയുണ്ടായതെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും സാധാരണ കുത്തിവയ്പിനെടുക്കുന്ന മരുന്നിന്റെ പുതിയ ബാച്ച് തന്നെയാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻജക്ഷന് മുമ്പ് പുരട്ടിയ സലൈൻ ലായനിയുടെ പ്രശ്‌നമായിരിക്കാം എന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാലിത് വിശദമായ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ.

ഒന്നും രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഐസിയുവിലുള്ള മുതിർന്നവരുടെ ആരോഗ്യസ്ഥിതിയിലും ആശങ്കകളില്ല.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News