അഞ്ചു കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1,500 രൂപ; പ്രഖ്യാപനത്തില്‍ ഉറച്ച് പാലാ അതിരൂപത
ആറ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുള്ള വിശദമായ സർക്കുലർ രൂപത പുറത്തിറക്കി
അഞ്ച് കുട്ടികൾ ഉള്ളവർക്ക് പ്രതിമാസം 1,500 രൂപ വീതം നല്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ച് പാലാ രൂപത. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ ആറ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുള്ള വിശദമായ സർക്കുലർ രൂപത പുറത്തിറക്കി. സഹായം നൽകുന്നത് കൂടുതൽ കുട്ടികളുള്ളവർക്ക് ആശ്വാസത്തിനായെന്ന് സർക്കുലറിൽ പറയുന്നു. ഈ വരുന്ന ഞായറാഴ്ച എല്ലാ പള്ളികളിലും കുർബാനയ്ക്ക് മധ്യേ സർക്കുലർ വായിക്കാനും സർക്കുലറിൽ നിർദ്ദേശമുണ്ട്.
സര്‍ക്കുലറിലെ പ്രഖ്യാപനങ്ങള്‍;
1. രണ്ടായിരത്തിനുശേഷം വിവാഹിതരായ പാലാ രൂപതാ അംഗങ്ങളായ ദമ്പതിമാർക്ക് അഞ്ചോ അതിലധികമോ കുട്ടികളുണ്ടെങ്കിൽ ഓരോ മാസവും 1500 രൂപ സാമ്പത്തിക സഹായം നൽകും. 2021 ഓഗസ്റ്റ് മുതലാകും ആനുകൂല്യം നല്‍കുക.
2. നാല് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയിൽ ജോലിക്ക് മുൻഗണന.
3. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും, മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിലും നാലാമത്തെ കുട്ടി മുതൽ പ്രസവ ചികിത്സ സൗജന്യം.
4. മൂന്നു കുട്ടികളിൽ മേലുള്ള കുടുംബങ്ങളിൽ നിന്നും രൂപതയുടെ പാലായിലെ ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്ന നാലാമത്തെ കുട്ടിക്ക് നഴ്സിങ് കോഴ്സിന് സൗജന്യ പഠനം.
5. നാലാമതും തുടർന്നും ലഭിക്കുന്ന കുട്ടികൾക്ക് രൂപതയ്ക്ക് കീഴിലെ എൻജിനീയറിങ് കോളജിൽ ട്യൂഷൻ ഫീ സൗജന്യം. ഫുഡ് ടെക്നോളജി കോളജിലും ഇതേ സൗജന്യം ഉണ്ടാകും.
6. 2000 മുതൽ 2021 വരെ ജനിച്ച നാലാമത്തെ മുതലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേകപരിഗണന നല്‍കും
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുള്ള സിറോ മലബാര്‍ സഭ പാലാ അതിരൂപതയുടെ ഫേസ്ബുക്ക് പേജിലെ പരസ്യം വ്യാപക വിമർശനം നേരിട്ടിരുന്നു. ക്രിസ്ത്യാനികൾ ജനസംഖ്യാ വർധനക്ക് സന്നദ്ധരാകണമെന്ന ആഹ്വാനങ്ങൾ വിവിധ തീവ്ര ക്രൈസ്തവ ഗ്രൂപ്പുകൾ കുറച്ച് കാലമായി നടത്തുന്നതിനിടെയാണ് രൂപതയുടെ പ്രഖ്യാപനം. വിവിധ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആ നിലക്കുള്ള പ്രചാരണവും ചർച്ചകളും സജീവവുമായിരുന്നു. ഇതിനു പിന്നാലെയാണ് രൂപത ഫേസ്ബുക്ക് പരസ്യം പിന്‍വലിച്ചത്.