'ആരോപണങ്ങൾ വാസ്തവവിരുദ്ധവും അപലപനീയവും': അസ്മിയയുടെ മരണത്തിൽ പ്രതികരണവുമായി അൽ അമാൻ അധികൃതർ
ശനിയാഴ്ചയാണ് അസ്മിയയെ മതപഠനശാലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് അൽ അമാൻ എജ്യൂക്കേഷണൽ കോംപ്ലക്‌സിൽ 17കാരി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി അധികൃതർ. സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരിൽ പരിപൂർണ വിശ്വാസമുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
സ്ഥാപനത്തിന്റെ വിശദീകരണം:
2000ൽ സ്ഥാപിതമായ അൽ അമാൻ എജ്യുക്കേഷൻ കോംപ്ലക്‌സിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിവസമായിരുന്നു 13-05-2023 ശനിയാഴ്ച. അസ്മിയ മോൾ എന്ന വിദ്യാർഥിനിയുടെ മരണത്തിൽ അൽ അമാൻ കുടുംബാംഗങ്ങൾ വലിയ ദുഃഖവും ഹൃദയം തൊട്ട വേദനയും അറിയിക്കുന്നു. ഒപ്പം ആ കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേരുന്നു. കഴിഞ്ഞ 23 വർഷമായി അൽ അമാൻ കോംപ്ലക്‌സിൽ നടന്നു വരുന്ന മൂന്ന് സ്ഥാപനങ്ങളാണ് അറബിക് കോളജും ഹിഫ്‌സ് കോളജും പബ്ലിക് സ്‌കൂളും. രണ്ടര പതിറ്റാണ്ടോളം വരുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളുടെ ചരിത്രം പൊതു സമൂഹത്തിന്റെ മുന്നിൽ തുറന്ന പുസ്തകം പോലെ വ്യക്തമാണ്. രണ്ടായിരത്തിലേറെ വിദ്യാർഥിനികൾ ഇവിടെ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിട്ടുമുണ്ട്. അത് കൊണ്ട് ഈ സംഭവം വലിയ ഞെട്ടലോടെയാണ് അൽ അമാൻ കുടുംബം കാണുന്നത്.
2021 മാർച്ച് മാസം എസ്എസ്എൽസി പൂർത്തിയാക്കിയ അസ്മിയ മോൾ 02-06-2022ന് +1 (scole kerala) ലേക്കാണ് കോളജിലേക്ക് അഡ്മിഷൻ എടുത്തത്. ഒരു വർഷം പഠനം പൂർത്തിയാക്കി പെരുന്നാൾ അവധി കഴിഞ്ഞ് 02-05-2023 ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായ ഒരു സ്വഭാവരീതി ആയിരുന്നു വിദ്യാർഥിനിയിൽ കണ്ട് വന്നത്. ഒറ്റക്ക് ഇരിക്കൽ, വിഷാദം, കുറഞ്ഞ ആളുകളോട് മാത്രം സംസാരം, കൂടുതൽ സമയം ഉറക്കം തുടങ്ങിയ സ്വഭാവ ലക്ഷണങ്ങൾ കണ്ട് വന്നിരുന്നു. അതിനിടക്ക് 13-05-2023 ശനിയാഴ്ച രാവിലെ മുതൽ ശരീര വേദനയാണെന്ന് പറഞ്ഞ് മെഡിക്കൽ റൂമിൽ വിശ്രമത്തിൽ ആയിരുന്നു. അവശ്യമായ ശുശ്രൂഷ, നാശ്ത, ഉച്ച ഭക്ഷണം, വൈകുന്നേരത്തെ സ്‌നാക്ക്‌സ് ഇതെല്ലാം കഴിച്ചിരുന്നു.
സാധാരണ വീട്ടിലേക്ക് വിളിക്കാറുള്ള വെള്ളിയാഴ്ച, ഫോൺ തകരാറിനെ തുടർന്ന് ശനിയാഴ്ച വിദ്യാർഥിനികൾക്ക് സൗകര്യപ്പെടുത്തി കൊടുത്തത്. അന്ന് ഉച്ചക്ക് വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. അതിനെ തുടർന്ന് വലിയ മനപ്രയാസവും വേദനയും അതിലെ സംസാരവും കൂട്ടുകാരോട് പങ്ക് വച്ചിരുന്നു. അതിന്റെ വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. വൈകുന്നേരം അഞ്ച് മണി സമയം വരെ കുട്ടിയെ അധ്യാപികയും വിദ്യാർഥിനികളും കണ്ടിട്ടുണ്ട്. 2.15 മണിക്ക് ശേഷം ഫോണിൽ സംസാരിച്ച രക്ഷിതാക്കൾ 5.20ന് കോളജിൽ എത്തി. ഈ സമയത്തിനിടക്ക് അവരുടെ ഫോൺ സംസാരത്തിന്റെ വിശദാംശങ്ങളൊന്നും കോളജ് അധികൃതരുമായി ഫോൺ വിളിച്ചവർ പങ്ക് വച്ചിരുന്നില്ല. രക്ഷിതാക്കൾ വന്ന വിവരം വിദ്യാർഥിനിയെ അറിയിക്കാൻ അന്വേഷിച്ചപ്പോൾ എവിടെയും കാണാൻ കഴിഞ്ഞില്ല. ലൈബ്രറി റൂം മാത്രം അകത്ത് നിന്ന് പൂട്ടപ്പെട്ട് ജനവാതിലുകൾ അടച്ച നിലയിൽ കാണപ്പെട്ടു. ഏകദേശം 5.45ന് ജനൽ ചില്ലു പൊളിച്ച് നോക്കിയപ്പോഴാണ് വിദ്യാർഥിനിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസിന്റെ അന്വേഷണത്തോട് പരിപൂർണമായും സഹകരിക്കുന്നുണ്ട്. സത്യം വെളിച്ചത്ത് വരിക തന്നെ ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥരിൽ പരിപൂർണ വിശ്വാസം ഉണ്ട്.
രണ്ടര പതിറ്റാണ്ട് കാലം പണിതുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അസത്യങ്ങൾ കൊണ്ട് തകർന്നു പോകരുത്. പബ്ലിക് സ്‌കൂൾ അടക്കമുള്ള അൽ അമാൻ ക്യാമ്പസ് ജാതി ഭേദമന്യേ എല്ലാവർക്കും അവലംബമാണ്.
യാതൊരുവിധ സാമ്പത്തിക നേട്ടമോ വ്യക്തി താല്പര്യമോ ഇല്ലാതെ, നാടിനും രാജ്യത്തിനും അറിവ് കൊണ്ട് ശക്തി പകരുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
ആയതിനാൽ മറ്റ് തെറ്റായ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളതിനും സംഭവിച്ചതിനും കടക വിരുദ്ധമായി അടിച്ച് കൊന്നു, കെട്ടി തൂക്കി, റൂമിൽ അടച്ചു, മാതാപിതാക്കളെ തടഞ്ഞ് വെച്ചു തുടങ്ങിയ ആരോപണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വന്നിട്ടുള്ളത് തികച്ചും വാസ്തവ വിരുദ്ധവും അപലപനീയമാണ്.
ശനിയാഴ്ചയാണ് അസ്മിയയെ മതപഠനശാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.