ട്രാവല്‍ ഏജന്റിന്റെ തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സൌദിയില്‍ ദുരിതത്തില്‍
പലവിധ ജോലികള്‍ക്കെന്നും പറഞ്ഞ് കൊണ്ടുപോകുന്ന സ്ത്രീകളെ വീട്ടുജോലിയ്ക്ക് മാത്രമായി ഉപയോഗിയ്ക്കുന്നു. പീഡനങ്ങള്‍ വേറെയും.
ട്രാവല്‍ ഏജന്റിന്റെ തട്ടിപ്പിനിരയായി, ഗള്‍ഫില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ഇന്ത്യക്കാര്‍ ദുരിത ജീവിതം നയിക്കുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ തമിഴ്നാട് ഗൂഡല്ലൂരിലെ ലിഷയാണ് ഈ ദുരിതങ്ങള്‍ വെളിപ്പെടുത്തുന്നത്. പലവിധ ജോലികള്‍ക്കെന്നും പറഞ്ഞ് കൊണ്ടുപോകുന്ന സ്ത്രീകളെ വീട്ടുജോലിയ്ക്ക് മാത്രമായി ഉപയോഗിയ്ക്കുന്നു. പീഡനങ്ങള്‍ വേറെയും.
ജീവിത പ്രാരബ്ധങ്ങള്‍ക്ക് അറുതിയാവാന്‍ കടല്‍ കടന്ന് ഗള്‍ഫിലെത്തിയതായിരുന്നു ലിഷ. ബ്യൂട്ടിഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്കെന്നു പറഞ്ഞാണ് കോയന്പത്തൂരിലെ ട്രാവല്‍ ഏജന്റ് വഴി ലിഷ പോയത്. എന്നാല്‍, അവിടെയെത്തിയപ്പോള്‍ കിട്ടിയത് വീട്ടുജോലി. അതും പത്തും പന്ത്രണ്ടും മക്കളുള്ള വീട്ടില്‍ അടിമപ്പണി. ഭക്ഷണം പോലും ഇല്ല. ആദ്യമാസം ശന്പളവും ലഭിച്ചില്ല.
നാട്ടിലേയ്ക്ക് തിരിച്ചെത്തിയ്ക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ ആദ്യം കൊണ്ടുപോയ സ്പോണ്‍സര്‍ മറ്റൊരാള്‍ക്ക് ലിഷയെ വിറ്റു. പിന്നീട് അവിടെയും ഇതേ ദുരിതത്തിന്‍റെ ആവര്‍ത്തനം. നിരവധി വീടുകളില്‍ മാറിമാറി ജോലി ചെയ്തു. ഒടുവില്‍ പത്തുമാസത്തോളം നിന്നത് ഒരു മിലിട്ടറി ഓഫിസറുടെ വീട്ടില്‍. ആദ്യഘട്ടത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ല. പിന്നീട് ഇവിടെയും സമാന സ്ഥിതിയായി. ഒടുവില്‍ ചില സംഘടനകള്‍ ഇടപെട്ട് നാട്ടിലേയ്ക്ക് എത്തിച്ചു.
മുടക്കിയ പണം തിരികെ ലഭിയ്ക്കാതെ തിരിച്ചയക്കാന്‍ സാധിയ്ക്കില്ലെന്ന സ്പോണ്‍സര്‍മാരുടെ പിടിവാശിയാണ് പലര്‍ക്കും നാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് തടസമാകുന്നത്. ഇന്ത്യന്‍ എംബസിയില്‍ എത്തുന്ന യുവതികളെ സൌദിയിലെ താല്‍കാലിക അഭയ കേന്ദ്രത്തിലേയ്ക്കാണ് മാറ്റുന്നത്. സര്‍ക്കാറിന്റെ ഇടപെടലുകള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ ഇവിടെ കഷ്ടപ്പാടുകള്‍ സഹിച്ച് ജീവിക്കുകയാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍.