ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ആത്മഹത്യ; ദലിത് സംഘടനകളുടെ ഒപ്പുശേഖരണ ക്യാമ്പയിന്‍ ആരംഭിച്ചു
ഔദ്യോഗിക വസതിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണിക്കൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ദലിത് സംഘടനകളുടെ ആരോപണം
അച്ചടക്ക നടപടി നേരിട്ടതിനെത്തുടർന്ന് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണ ക്യാമ്പയിന്‍ തുടങ്ങി. ജോലിയിൽ കണിശക്കാരനായ ജഡ്ജിയെ കൂട്ടികൊണ്ടുപോയി മദ്യം നൽകി മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് ദളിത് സംഘടനകളുടെ ആരോപണം.
ഔദ്യോഗിക വസതിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണിക്കൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. മദ്യപിച്ച് ഓട്ടോ ഡ്രൈവർമാരുമായും പൊലീസുമായും വഴക്കുണ്ടാക്കിയെന്നാരോപിച്ചായിരുന്നു ഉണ്ണികൃഷ്ണനെതിരെ സുള്ള്യ പൊലീസ് കേസെടുത്തത്. സംഭവ സമയം കാഞ്ഞങ്ങാടുള്ള മൂന്ന് അഭിഭാഷകരും ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കേസില്‍ പെടാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ജനാധിപത്യ ആക്ഷന്‍ കമ്മറ്റി ആരോപിക്കുന്നു. കാസര്‍കോട് നിന്നും കാറിൽ സുള്ള്യക്ക് പോയ സംഘത്തൽ നിന്നും ഉണ്ണികൃഷ്ണൻ എന്തിന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തുവെന്നതും സംശയം ഉണർത്തുന്നതാണെന്ന് ഇവര്‍ പറയുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒപ്പ് ശേഖരണം നടത്തും. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനാധിപത്യ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.