ബിജെപി ദേശീയ കൌണ്‍സിലിന് നാളെ കോഴിക്കോട് തുടക്കം
നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കൌണ്‍സില്‍ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്
ബിജെപി ദേശീയ കൌണ്‍സിലിന് നാളെ കോഴിക്കോട് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡന്‍റ് അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കൌണ്‍സില്‍ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനസംഘം കോഴിക്കോട് നടത്തിയ സമ്മേളനത്തിന്‍റെ അമ്പതാം വാര്‍ഷികത്തിലാണ് ബിജെപി ദേശീയ കൊണ്‍സിലിനും നഗരം ആതിഥ്യമരുളുന്നത്. നാളെ രാവിലെ നടക്കുന്ന അഖിലേന്ത്യാ ഭാരവാഹികളുടേയും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടേയും യോഗത്തോടെയാണ് സമ്മേളനത്തിനു തുടക്കമാവുക. ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനം നടക്കും. പഴയകാല നേതാക്കള്‍ പങ്കെടുക്കുന്ന സ്മൃതി സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച സ്വപ്നനഗരിയിലാണ് കൌണ്‍സില്‍ യോഗം ചേരുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ 2000ത്തിലധികം പ്രതിനിധികള്‍ സന്നിഹിതരാകും. പൊതുസമ്മേളനത്തിലും കൌണ്‍സില്‍ യോഗത്തിലുമാകും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. സമ്മേളനത്തിനു മുന്നോടിയായി കൊടിമരവും പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ മുതലക്കുളത്ത് സംഗമിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷാ സന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങള്‍ക്ക് മൂന്ന് ദിവസം നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.