കെപിസിസിയുടെ സ്ഥാനാര്‍ഥി പട്ടിക ഹൈകമാന്‍ഡിന് കൈമാറി
ഭൂരിഭാഗം സിറ്റിങ് എംഎല്‍എമാരുടെയും പേരുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ലിസ്റ്റില്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍റെ പേരില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക കെപിസിസി ഹൈകമാന്‍ഡിന് കൈമാറി. ഭൂരിഭാഗം സിറ്റിങ് എംഎല്‍എമാരുടെയും പേരുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ലിസ്റ്റില്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍റെ പേരില്ല. സിനിമാതാരങ്ങളായ ജഗദീഷിന്‍റെയും സിദ്ദീഖിന്‍റെയും പേരുകള്‍ സാധ്യതാ പട്ടികയിലുണ്ട്.
ജില്ലാതലങ്ങളില്‍ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതി ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക കെപിസിസിക്ക് സമര്‍പ്പിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കി മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രാഥമിക പട്ടികക്ക് അന്തിമ രൂപം നല്‍കിയത്. ഭൂരിഭാഗം മണ്ഡലങ്ങളിലും രണ്ടിലധികം സ്ഥാനാര്‍ഥികളുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെയും ഹരിപ്പാട് ആഭ്യന്തമന്ത്രിയുടെയും പേരുകള്‍ മാത്രമാണുള്ളത്. സിറ്റിങ് സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. കെപിസിസി പ്രസിഡന്‍ര് വി എം സുധീരന്‍റെ പേരും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമാതാരങ്ങളായ ജഗദീഷിന്‍റെ പേര് പത്തനാപുരം മണ്ഡലത്തിലും സിദ്ദീഖിന്‍റെ പേര് അരൂര്‍ മണ്ഡലത്തിലുമായി സാധ്യതപട്ടികയില്‍ ഇടം നേടി. മിക്കവാറും എല്ലാ ഡിസിസി പ്രസിഡന്‍റുമാരുടെ പേരും സാധ്യതാപട്ടികയിലുണ്ട്.
കേരളാ കോണ്‍ഗ്രസുമായി തര്‍ക്കമുള്ള പൂഞ്ഞാര്‍ സീറ്റില്‍ കോട്ടയം ഡിസിസി പ്രസിഡന്‍റ് ടോമി കല്ലാനിയുടെ പേരാണുള്ളത്. 21 ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് പൊതുനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ഇതുരണ്ടും പരിഗണിച്ച് ഹൈകമാന്‍ഡായിരിക്കും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.