1961ൽ ആഭ്യന്തര മന്ത്രി പി.ടി ചാക്കോ പ്രഖ്യാപിച്ചു: 'മുനമ്പം ഭൂമി ഫാറൂഖ് കോളജിന്‍റേതു തന്നെ'
'കോടതിയുടെ തീരുമാനം ഫാറൂഖ് കോളജിന്റെ കൈവശമാണ് ഈ സ്ഥലം ഇരിക്കുന്നതെന്നാണ്. സർക്കാർ തീരുമാനവും അങ്ങനെത്തന്നെയാണ്. കോടതി വിധി ലംഘിച്ച് സ്ഥലത്ത് ലഹള നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.'
കോഴിക്കോട്: മുനമ്പം ഭൂമി കൈയേറ്റം വിവാദമായ ആദ്യ കാലത്തുതന്നെ സ്ഥലത്തിന്‍റെ ഉടമാവകാശം ഫാറൂഖ് കോളജിനാണെന്നു കേരള സർക്കാർ പ്രഖ്യാപിച്ചതായി രേഖകൾ. 1961ൽ നടന്ന നിയമസഭാ സമ്മേളനത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രി പി.ടി ചാക്കോയാണ് ഭൂമിയുടെ ഉടമാവകാശം ഫാറൂഖ് കോളജിനാണെന്നു വ്യക്തമാക്കിയത്. കോടതിവിധി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി പി.ടി ചാക്കോയുടെ സർക്കാർ നിലപാട് പ്രഖ്യാപനം. പട്ടം താണുപിള്ളയായിരുന്നു അന്ന് കേരള മുഖ്യമന്ത്രി.
1961 മാർച്ചിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എംഎൽഎയായിരുന്ന സി.ജി ജനാർദനൻ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലായിരുന്നു പി.ടി ചാക്കോ മറുപടി നൽകിയത്. മുനമ്പത്ത് മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. മുനമ്പത്തെ ഭൂമി ഫാറൂഖ് കോളജിന്റേതാണെന്നാണ് കോടതി വിധിയെന്നും സർക്കാർ നിലപാടും അതുതന്നെയാണെന്നും നോട്ടീസിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. മുനമ്പം കായലിൽനിന്ന് മീൻ പിടിച്ചതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫാറൂഖ് കോളജ് അധികൃതർ സ്ഥലത്ത് ചിറകെട്ടുന്നത് തടയാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തിട്ടുണ്ട്. കോടതി വിധി ലംഘിച്ച് ഇത്തരത്തിൽ ലഹള നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ടി ചാക്കോ വ്യക്തമാക്കുന്നു.
അന്ന് പി.ടി ചാക്കോ സഭയിൽ നൽകിയ മറുപടി ഇങ്ങനെ:
''നോട്ടീസിൽ പറയുന്നതുപോലെ മുനമ്പം കായലിൽനിന്ന് മീൻ പിടിച്ചതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, ആ പ്രദേശത്ത് കുറേനാളായി ചില അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഫാറൂഖ് കോളജിന്റെ വക കുറേ സ്ഥലങ്ങളുണ്ട്. അതിന്റെ ഒരു ഭാഗത്ത് ചിറ കെട്ടുന്നതിന് ഫാറൂഖ് കോളജിന്റെ അധികൃതർ തീരുമാനിക്കുകയും ചിറയ്ക്കുള്ള പണി ആരംഭിക്കുകയും ചെയ്തു. ചിറ കെട്ടാൻ അവകാശമുള്ളതല്ല എന്നോ മറ്റോ ഉള്ള തർക്കത്തിന്റെ പേരിൽ ചിറ കെട്ടുന്നതിനെ നിരോധിക്കുന്നതിനും ബലമായി തടയുന്നതിനും ചില സംരംഭങ്ങൾ ഉണ്ടായിട്ടുണ്ട്.
ഈ സ്ഥലം ആരുടെ കൈവശമാണ് എന്നുള്ളതിനെപ്പറ്റി കോടതിയുടെ തീരുമാനവും സർക്കാരിന്റെ തീരുമാനവുമുണ്ട്. ആ സ്ഥാനത്തുതന്നെ ചിറകെട്ടുന്നത് നിരോധിക്കണമെന്നു കാണിച്ചുകൊണ്ടുള്ള അന്യായം തള്ളിയിട്ടുണ്ട്. ഹൈക്കോടതി വരെ കേസ് പോയിട്ടുണ്ടെന്ന് അറിയുന്നു. നിരോധന ഉത്തരവ് കോടതി കൊടുത്തിട്ടില്ല. കോടതിയുടെ തീരുമാനം ഫാറൂഖ് കോളജിന്റെ കൈവശമാണ് ഈ സ്ഥലം ഇരിക്കുന്നതെന്നാണ്. സർക്കാർ തീരുമാനവും അങ്ങനെത്തന്നെയാണ്. അങ്ങനെയിരിക്കെ ഈ ചിറ കെട്ടുന്നതിനെ തടയുന്നതിനുള്ള സംരംഭങ്ങൾ അനുവദനീയമല്ല.
അങ്ങനെ തടസം ചെയ്തിട്ടുള്ളവരെ പല പ്രാവശ്യമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ വിടുകയും കൈവശാവകാശം കോടതിവിധി മുഖേന സ്ഥാപിച്ചുകിട്ടിയവർക്ക് പൊലീസ് വകുപ്പ് സംരക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം അഭിഭാഷകനായ പത്മനാഭൻ നായരും മറ്റു ചിലരും ചേർന്ന് ചിറയുടെ രണ്ടുഭാഗം പൊളിക്കുകയുണ്ടായി. അപ്പോൾ അവിടെ കുറേ ബഹളമുണ്ടാകുകയും പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
ഇത് അന്വേഷണത്തിൽ ഇരിക്കെയാണ് ഇന്നലെ പത്മനാഭൻ നായരും കുറേപേരും ചേർന്ന് വീണ്ടും അവിടെ ചെന്ന് ബഹളം ഉണ്ടാക്കാൻ ശ്രമിച്ചത്. ബഹളമുണ്ടാക്കിയവരിൽ കുറേപ്പേരെ നീക്കം ചെയ്തു. ചിറ പൊളിക്കരുതെന്ന മുന്നറിയിപ്പ് നൽകി വിട്ടയച്ചിട്ടുണ്ട്. ചിറ കെട്ടുന്നതിനു തടസം ഉണ്ടാക്കിയാൽ അവർക്കെതിരായി നടപടിയെടുക്കേണ്ടിവരുമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. എങ്കിലും എന്തുവന്നാലും ചിറ പൊളിക്കുമെന്നും നിയമം തങ്ങൾതന്നെ എടുത്തു കൈകാര്യം ചെയ്യുമെന്നുമുള്ള ഭാവമാണ് അവർക്കുള്ളതെന്നു തോന്നുന്നു.
ചിറകെട്ടുന്നതിനെ പൊളിക്കുകയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കുറ്റകരമായ വിധത്തിൽ പെരുമാറുകയോ ചെയ്യുകയാണെങ്കിൽ അഭിഭാഷകർ തന്നെ ആയിരുന്നാലും ശരി, കോടതിയുടെ തീരുമാനത്തെ മാനിക്കാനും നിയമവാഴ്ചയെ പുലർത്താനും ആവശ്യമായ എല്ലാ നടപടികളും അവരുടെ പേരിൽ സർക്കാർ കൈക്കൊള്ളുന്നതാണ്. ഇതിനൊരു അടിയന്തര പ്രമേയത്തിന്റെ കാര്യമില്ല. ഇപ്പോൾതന്നെ കേസുകൾ എടുത്തിട്ടുണ്ട്. അവ കോടതിയിൽ ഇരിക്കുകയാണ്. മേലാൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ കരുതൽ നടപടികളും സർക്കാർ സ്വീകരിക്കുന്നതാണ്.''
സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ അന്നത്തെ റവന്യു മന്ത്രി കെ. ചന്ദ്രശേഖരന് മുനമ്പത്തെ സംഭവവികാസങ്ങളിൽ പങ്കുണ്ടെന്ന ആരോപണമുയർത്തി ജനാർദനൻ. റവന്യു മന്ത്രി ഇതിന്റെ പിന്നിലുണ്ടെന്നാണു തങ്ങൾക്കു വിവരം ലഭിച്ചതെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം അറിയണമെന്നും സി.ജി ജനാർദനൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി പറഞ്ഞ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്നും അതിൽക്കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു ഇതിനോട് കെ. ചന്ദ്രശേഖരൻ പ്രതികരിച്ചത്.
വിഷയത്തിൽ ഇടപെട്ട് സിപിഐ നേതാവ് ഇ.പി ഗോപാലനും സഭയിൽ സംസാരിച്ചു. ചിറ മുൻപ് പൊളിച്ചുകളഞ്ഞവർ തന്നെ വീണ്ടും ലഹളയ്ക്കുവന്നുവെന്നും അവരെ മുൻപ് അസ്റ്റ് ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു. അവർ തന്നെയാണു വീണ്ടും ലഹളയ്ക്കു വന്നത്. ലഹളക്കാരെ പൊലീസുകാർ സഹായിക്കുകയാണോ ചെയ്തതെന്നു ചോദിച്ചു ഗോപാലൻ.
ലഹളയ്ക്കു വന്നവരെ അവിടെനിന്നു മാറ്റുകയാണ് പൊലീസ് ചെയ്തതെന്നായിരുന്നു പി.ടി ചാക്കോ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം ചിറ പൊളിക്കാൻ നടപടി തുടങ്ങിയിരുന്നെന്നും ഇതിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ടു ഭാഗത്ത് ചിറ പൊളിച്ചിരുന്നു. ഇതിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് അന്വേഷണത്തിൽ ഇരിക്കുകയാണ്. സ്ഥലത്ത് സമാധാനലംഘനം ഉണ്ടായേയ്ക്കുമെന്നു കണ്ട് പൊലീസിനെ അവിടെ വിന്യസിച്ചിരുന്നു. ഇതിനു ശേഷവും ചിലർ ലഹളയ്ക്കു വരികയും അവരെ സ്ഥലത്തുനിന്നു മാറ്റിക്കൊണ്ടിരിക്കുകയുമാണെന്നും മന്ത്രി അറിയിച്ചു. ചിറ പൊളിക്കാൻ തങ്ങൾക്ക് അവകാശമില്ലെന്നും കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും അവർക്കു ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടെ, നിയമം ലംഘിച്ചത് റവന്യു മന്ത്രിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമോ എന്നായി സി.ജി ജനാർദനൻ. എന്നാൽ, റവന്യു മന്ത്രി നിയമം ലംഘിച്ചെന്നു പറയുന്നത് ശുദ്ധ അനാവശ്യമാണെന്നായിരുന്നു പി.ടി ചാക്കോയുടെ മറുപടി.
Summary: Government documents reveal that Home Minister PT Chacko declared in 1961 that the Munambam land belonged to Farook College