ചക്കിട്ടപാറയില്‍ ഖനനം നടത്താന്‍ അനുവദിക്കില്ലെന്ന് വി.എം സുധീരന്‍
ചക്കിട്ടപാറ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിര്‍ ഖനനത്തിന് എം.എസ്.പി.എല്‍ കമ്പനി നീക്കം സജീവമാക്കിയ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ സ്ഥലം സന്ദര്‍ശിച്ചത്
ചക്കിട്ടപാറയില്‍ ഖനനം നടത്താമെന്ന് പറഞ്ഞ് കര്‍ണാടക കമ്പനിയില്‍ നിന്നും ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതു തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി എം സുധീരന്‍. ഇടതു മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ് ഖനനത്തിനായി കമ്പനികള്‍ സജീവമാകുന്നത്. ഖനന വിരുദ്ധ സമരം കെ.പി.സി.സി ഏറ്റെടുക്കുമെന്നും സുധീരന്‍ ചക്കിട്ടപാറയില്‍ പറഞ്ഞു. ചക്കിട്ടപാറ മുതുകാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചക്കിട്ടപാറ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിര്‍ ഖനനത്തിന് എം.എസ്.പി.എല്‍ കമ്പനി നീക്കം സജീവമാക്കിയ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ സ്ഥലം സന്ദര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പയ്യാനിക്കോട്ടയിലെത്തിയ സുധീരന്‍ നാട്ടുകാരില്‍ നിന്നും പരാതികള്‍ കേട്ടു. ഖനനവിരുദ്ധ സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സുധീരന്‍ കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിനെത്തിയത്. ഖനനം അനുവദിക്കില്ലെന്ന് ഇടതു സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ അവസാനിക്കുന്ന പ്രശ്നങ്ങളേ ഇപ്പോഴുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഖനനനീക്കത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭം നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.