മുന്‍മന്ത്രി വിപി രാമകൃഷ്ണപിള്ള അന്തരിച്ചു

Update: 2017-05-21 13:59 GMT
മുന്‍മന്ത്രി വിപി രാമകൃഷ്ണപിള്ള അന്തരിച്ചു
Advertising

ആര്‍എസ്‍പി മുന്‍സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു

മുന്‍മന്ത്രി വിപി രാമകൃഷ്ണപിള്ള അന്തരിച്ചു. ആര്‍എസ്‍പി മുന്‍സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടോളം ആര്‍എസ്‍പിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

പ്രതിസന്ധി ഘട്ടങ്ങളിൽ ആര്‍എസ്‍പിക്ക് കേരളത്തിൽ നിലനിൽപ്പുണ്ടാക്കിയ നേതാവായിരുന്നു വിപി രാമകൃഷ്ണ പിള്ള എന്ന വിപിആര്‍. സ്ഥാപക നേതാക്കളടക്കം പാര്‍ട്ടി പിളർത്തിയപ്പോഴും ആര്‍എസ്‍പിയെ നയിച്ചത് വിപിആറിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. 2013 ലെ ആലപ്പുഴ സമ്മേളനത്തോടെയാണ് വിപിആര്‍ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി തുടങ്ങിയത്.

Full View

1931 നവംമ്പർ 12-ന് കൊല്ലം ജില്ലയിലെ അഷ്ടമുടിയിലാണ് വിപി രാമകൃഷ്ണ പിള്ള ജനിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന വിപിആര്‍ കേരള സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. ടികെ ദിവാകരനും ശ്രീകണ്ഠൻ നായരും ചേർന്ന് ആര്‍എസ്‍പിക്ക് രൂപം നൽകിയപ്പോൾ വിപിആര്‍ ആര്‍എസ്‍പിയുടെ ഭാഗമായി. 1987 ൽ ഇരവിപുരത്ത് നിന്നാണ് വിപിആര്‍ ആദ്യമായി നിയമസഭയിൽ എത്തിയത്. 1991 ലെ ജനവിധിയില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും 1996 ല്‍ ഇരവിപുരം തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനായി. 1996 ല്‍ ഇരവിപുരത്ത് നിന്ന് ജയിച്ച് നായനാർ മന്ത്രിസഭയിൽ അംഗമായി. ജലവിഭവ വകുപ്പ് ആയിരുന്നു വിപിആര്‍ കൈകാര്യം ചെയ്തത്. ആര്‍എസ്‍പിയുടെ തൊഴിലാളി സംഘടന രൂപം കൊണ്ടതിന്റെ പിന്നിലും വിപിആര്‍ ആയിരുന്നു.

മുന്നോട്ടുള്ള വർഷങ്ങളിൽ ആര്‍എസ്‍പി എന്ന രാഷ്ട്രീയ പാർട്ടിയുടെ പിളർപ്പുകൾ പല തവണ കണ്ടെങ്കിലും വിപിആര്‍ ഔദ്യോഗിക ആര്‍എസ്‍പിക്ക് എന്നും കരുത്ത് നൽകി. ശ്രീകണ്ഠന്‍ നായരടക്കം പാർട്ടി പിളർത്തിയപ്പോഴും ആര്‍എസ്‍പി പിടിച്ച് നിന്നത് വിപിആര്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ കരുനീക്കങ്ങളിലൂടെ ആയിരുന്നു. ഒടുവിൽ ബേബി ജോൺ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിന് പോയ വിപിആറിനെ സ്വന്തം പാർട്ടി തന്നെ തള്ളിപ്പറയുന്നത് കേരള രാഷ്ട്രീയം കാണേണ്ടി വന്നു. 2013 ൽ ആലപ്പുഴയിൽ നടന്ന ആര്‍എസ്‍പി സംസ്ഥാന സമ്മേളനത്തോടെയാണ് വിപിആര്‍ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ട് മാറിയത്. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വിപിആര്‍ പിന്നീടൊരിക്കലും കരുത്തനായ നേതാവ് എന്ന നിലയിൽ ആര്‍എസ്‍പിയിൽ തിരിച്ചുവന്നില്ല.

Tags:    

Similar News