'ഒരുകാലത്തും സിപിഎം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടിയിട്ടില്ല': മുഖ്യമന്ത്രി
"മതേതര സ്വഭാവം കാണിക്കാൻ നേരത്തെ ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി ഇടത് സ്ഥാനാർഥികളെ പിന്തുണച്ചിട്ടുണ്ടാകാം"; മുഖ്യമന്ത്രി
കണ്ണൂർ: പാലക്കാട്ടെ കോൺഗ്രസിന്റെ വിജയം ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സഖ്യം ചേർന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും യുഡിഎഫും ചേർന്ന വിജയമാണിത്. ഇതുവരെ തെരഞ്ഞെടുപ്പിൽ വിശ്വസിക്കാതിരുന്നവരാണ് ജമാഅത്തെ ഇസ്‌ലാമി. ഒരു കാലത്തും സിപിഎം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടിയിട്ടില്ല. മതേതര സ്വഭാവം കാണിക്കാൻ നേരത്തെ ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി ഇടത് സ്ഥാനാർഥികളെ പിന്തുണച്ചിട്ടുണ്ടാകാം, ടി.കെ ഹംസയും എം.വി ഗംഗാധരനും പൊന്നാനിയിൽ മത്സരിച്ചപ്പോൾ ഗംഗാധരനെ പിന്തുണച്ച ചരിത്രമാണ് ജമാഅത്തെ ഇസ്‌ലാമിക്ക്, ഇത് അവരുടെ മതേതര നിലപാട് എത്രത്തോളം കള്ളമാണെന്ന് മനസിലാകുന്നു. പക്ഷെ സിപിഎം ഒരിക്കലും അവരുടെ പിന്തുണ തേടിയിട്ടില്ല. പ്രിയങ്ക ഗാന്ധിക്ക് പരസ്യമായ പിന്തുണയാണ് ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ചത് അത് എത്രത്തോളം അപകടമാണെന്ന് കോൺഗ്രസ് മനസിലാക്കണം. അത് വേണ്ടെന്ന് പറയാനുള്ള രാഷ്ട്രീയ ആർജവം കോൺഗ്രസിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. നാണംകെട്ട വിജയമാണ് പാലക്കാട് കോൺഗ്രസ് നേടിയതെന്ന് പറഞ്ഞ അദേഹം എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയെയും കൂടെ കൂട്ടിയുള്ള വിജയം വർഗീയവാദികളുടെ വോട്ട് നേടിയുള്ള വിജയമാണെന്ന് പറഞ്ഞു. സരിൻ മികച്ച സ്ഥാനാർഥിയായിരുന്നു. മഴവിൽ സഖ്യത്തിനിടയിലും വോട്ട് വർധിപ്പിക്കാനായി. ആർഎസ്എസിന്റെ കൗണ്ടർ പാർട്ടാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും ഗോവിന്ദൻ പറഞ്ഞു.