സംഭൽ ശാഹി ജമാമസ്ജിദ് വെടിവെപ്പ്; യുപി സർക്കാരിന്റെ വംശീയ ഭീകരതക്ക് തടയിടണം: പി. മുജീബുറഹ്മാൻ

''ആരാധനാലയങ്ങളെ ആയുധമാക്കി വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വംശീയ ഉൻമൂലനം നടത്തുന്ന സംഘ്പരിവാറിന്റെ കുടില തന്ത്രമാണ് സംഭൽ ശാഹി മസ്ജിദിലും ആവർത്തിക്കപ്പെട്ടത്''

Update: 2024-11-25 14:19 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്:  ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനം ഹിന്ദുത്വ ഫാഷിസമാണ് എന്നതിനെ ശരിവെക്കുന്നതാണ് യു.പിയിൽ നിന്ന് കേൾക്കുന്ന വാർത്തകളെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. 

'ആരാധനാലയങ്ങളെ ആയുധമാക്കി വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വംശീയ ഉൻമൂലനം നടത്തുന്ന സംഘ്പരിവാറിന്റെ കുടില തന്ത്രമാണ് സംഭൽ ശാഹി മസ്ജിദിലും ആവർത്തിക്കപ്പെട്ടത്. രാജ്യത്ത് നിലനിൽക്കുന്ന ആരാധനാലയ സംരക്ഷണ നിയമം ഉറപ്പ് വരുത്താനും ആരാധനാലയങ്ങൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾ അവസാനിപ്പിക്കാനും പൊലീസ് വെടിവെപ്പിൽ കൊലചെയ്യപ്പെട്ട മുസ്‌ലിം യുവാക്കളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്താനും, സിവിലിയൻമാർക്ക് നേരെ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടപടി ഉറപ്പ് വരുത്താനും സാധിച്ചേ മതിയാകൂവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

'സംഭൽ ശാഹി ജുമാമസ്ജിദ് വെടിവെപ്പ്, യു.പി സർക്കാരിന്റെ വംശീയ ഭീകരതക്ക് തടയിടുക.

ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനം ഹിന്ദുത്വ ഫാഷിസമാണ് എന്നതിനെ ശരിവെക്കുന്നതാണ് യു.പിയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ. യു.പിയിലെ ചരിത്ര പ്രസിദ്ധമായ സംഭൽ ശാഹി ജുമാമസ്ജിദിന് മേൽ സംഘ്പരിവാർ ഉയർത്തിയ പുതിയ അവകാശവാദത്തിനനുസൃതമായി സർവേ നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച നഈം, ബിലാൽ, നുഅ്മാൻ എന്നീ മൂന്ന് മുസ്‌ലിം യുവാക്കൾ പോലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരിക്കുന്നു.

ആരാധനാലയങ്ങളെ ആയുധമാക്കി വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വംശീയ ഉൻമൂലനം നടത്തുന്ന സംഘ്പരിവാറിന്റെ കുടില തന്ത്രമാണ് സംഭൽ ശാഹി മസ്ജിദിലും ആവർത്തിക്കപ്പെട്ടത്. ബാബരി മസ്ജിദിന് ശേഷം മധുര ശാഹി ഈദ്ഗാഹും, വാരാണസി ഗ്യാൻവ്യാപി മസ്ജിദും ക്ഷേത്ര നിർമാണത്തിന് വിട്ടുതരണമെന്നത് ഹിന്ദുത്വ വർഗീയ ശക്തികളുടെ നിലവിലെ ആവശ്യമാണ്.

രാജ്യത്തെ ആരാധനാലയനിയമവും, ഭരണഘടനാദത്തമായ മൗലികാവകാശവും കാറ്റിൽ പറത്തി സംഘപരിവാർ വംശീയ അജണ്ടക്ക് രാജ്യത്തെ നിയമവ്യവസ്ഥയും എക്സിക്യൂട്ടീവും മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങളും കുടപിടിച്ചതിന്റെ രക്തസാക്ഷിയാണ് ബാബരി മസ്ജിദ് എന്ന കാര്യം നാം മറന്ന് പോകരുത്. സമാനമായ വഴിയെ തന്നെ വീണ്ടും ആരാധനാലയങ്ങൾക്ക് നേരെ സംഘ്പരിവാർ കയ്യേറ്റങ്ങൾ തുടരുമ്പോൾ നിസ്സംഗത വെടിഞ്ഞ് ഇരകളാക്കപ്പെടുന്ന ജനതക്കൊപ്പം നിൽക്കാൻ രാജ്യത്തെ മുഴുവൻ ജനതയും ബാധ്യസ്ഥരാണ്.

രാജ്യത്ത് നിലനിൽക്കുന്ന ആരാധനാലയ സംരക്ഷണ നിയമം ഉറപ്പ് വരുത്താനും ആരാധനാലയങ്ങൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾ അവസാനിപ്പിക്കാനും പൊലീസ് വെടിവെപ്പിൽ കൊലചെയ്യപ്പെട്ട മുസ്‌ലിം യുവാക്കളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്താനും, സിവിലിയൻമാർക്ക് നേരെ വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടപടി ഉറപ്പ് വരുത്താനും സാധിച്ചേ മതിയാകൂ.

സംഘ് ഭരണകൂടങ്ങളുടെ വംശീയ ഭീകരതക്കെതിരെ ശക്തമായ മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരുന്നിടത്തും കാലതാമസമില്ലാതെ പ്രതികരിക്കുന്നിടത്തും ഇന്ത്യയിൽ രൂപപ്പെട്ട ഇന്ത്യ അലയൻസ് വലിയ ജാഗ്രത കാട്ടേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാവുന്ന വംശീയാക്രമണങ്ങളോട് രാജ്യം പുലർത്തുന്ന നിസ്സംഗതക്ക് നാം കനത്ത വില നൽകേണ്ടി വരും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News