മലാപറമ്പ് സ്കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതിയുടെ അനുമതി
75 കുട്ടികളുടെ ഭാവിയെ ബാധിക്കും, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ പൂട്ടാന്‍ മാനേജര്‍ക്ക് അധികാരമില്ല തുടങ്ങിയ വാദങ്ങളും ഉന്നയിച്ചു
കോഴിക്കോട് മലാപറമ്പ് സ്കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രിം കോടതിയുടെ അനുമതി. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചക്കകം സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളിയാണ് സുപ്രിം കോടതി വിധി.
ഹൈക്കോടതി വിധി പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതാണെന്നും ഉത്തരവ് നടപ്പാക്കിയാല്‍ കൂടുതല്‍ സ്കൂളുകള്‍ അടച്ച് പൂട്ടേണ്ടി വരുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. 75 കുട്ടികളുടെ ഭാവിയെ ബാധിക്കും, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ പൂട്ടാന്‍ മാനേജര്‍ക്ക് അധികാരമില്ല തുടങ്ങിയ വാദങ്ങളും ഉന്നയിച്ചു. എന്നാല്‍ ഇവ സുപ്രിം കോടതി അംഗീകരിച്ചില്ല. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്, വാണിജ്യാവശ്യത്തിന് വേണ്ടിയാണ് സ്കൂള്‍ പൂട്ടുന്നത് തുടങ്ങിയ വാദങ്ങളും കോടതി തള്ളി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് മാനേജര്‍ സ്കൂള്‍ പൂട്ടാന്‍ തീരമാനിച്ചത്. ഒരു വര്‍ഷത്തെ നോട്ടീസ് പിരീഡും നല്‍കിയിട്ടുണ്ട്. നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടുവോളം സമയം ലഭിച്ചിട്ടുള്ളതിനാല്‍ സ്കൂള്‍ പൂട്ടരുതെന്ന ഈ ഘട്ടത്തിലെ വാദത്തിന് പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്കൂള്‍ സംരക്ഷണ സമിതി നല്‍കിയ ഹരജിയും തള്ളി.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് എയുപി സ്കൂള്‍ കുട്ടികളില്ലാത്തതിനാല്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ചൂണ്ടക്കാട്ടിയാണ് മാനേജര്‍ പൂട്ടാന്‍ തീരുമാനിച്ചത്. നാട്ടുകാരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതോടെ മെയ് 27നകം വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതി സമീപിച്ചത്.
വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
സ്കൂള്‍ ഏറ്റെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. സമാനമായ അവസ്ഥ മറ്റ് സ്കൂളുകളില്‍ ഉണ്ടാകുന്നത് തടയാന്‍ നിയമ ഭേദഗതി പരിഗണനയിലാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.