ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി

Update: 2017-06-27 13:13 GMT
Editor : Subin
ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി
Advertising

ഗ്രൂപ്പുകള്‍ക്ക് പുറത്ത് നിലപാടെടുക്കുന്നവരുടെ സാന്നിധ്യം ഉറപ്പാക്കിയത് ഹൈക്കമാന്‍ഡാണ്. സുധീരന്‍ അനുകൂലികളും സമിതിയില്‍ ഇടം പിടിച്ചു.

ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കണമെന്ന സന്ദേശമാണ് രാഷ്ട്രീയകാര്യ സമിതിയുടെ ഘടനയിലൂടെ ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ കോണ്‍ഗ്രസിന് നല്‍കുന്നത്. ഗ്രൂപ്പുകള്‍ക്ക് പുറത്ത് നിലപാടെടുക്കുന്നവരുടെ സാന്നിധ്യം ഉറപ്പാക്കിയത് ഹൈക്കമാന്‍ഡാണ്. സുധീരന്‍ അനുകൂലികളും സമിതിയില്‍ ഇടം പിടിച്ചു.

കെപിസിസി തലത്തിലെ തീരുമാനങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുണ്ടാകണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് രാഷ്ട്രീയകാര്യ സമിതി രൂപീകരണത്തിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. സമിതിയില്‍ ഗ്രൂപ്പുകളുടെ പ്രാതിനിധ്യവും പിന്തുണയും ഉറപ്പുവരുത്താന്‍ എ ഐ ഗ്രൂപ്പുകള്‍ ശ്രമിച്ചു. പ്രതിനിധികളെ നിര്‍ദേശിക്കുകയും ചെയ്തു. ഈ നിര്‍ദേശം അംഗീകരിച്ച ഹൈക്കമാന്‍ഡ് എന്നാല്‍ ഗ്രൂപ്പുകള്‍ക്കപ്പുറം ഹൈക്കമാന്‍ഡിന്റ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നവരെയും സമിതിയില്‍ ഉള്‍പ്പെടുത്തി.

15 പേരെ ഉള്‍പ്പെടുത്തണമെന്ന ആദ്യധാരണ 21 ലേക്ക് എത്തിയത് അങ്ങനെയാണ്. പി സി ചാക്കോ, പി ജെ കുര്യന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ്, ഷാനിമോള്‍ ഉസ്്മാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ ഹൈക്കമാന്‍ഡ് പ്രതിനിധികളായി തന്നെ പരിഗണിക്കാവുന്നതാണ്. കെസി വേണുഗോപാല്‍, എംഐ ഷാനവാസ് എന്നിവര്‍ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ വരുമ്പോഴും ഹൈമാന്‍ഡിന് നിയന്ത്രണമുള്ളവരാണ്. എ ഐ ഗ്രൂപ്പുകള്‍ക്ക് ഏറെക്കുറെ തുല്യ പ്രാതിനിധ്യമാണ് സമിതിയിലുള്ളത്. സുധീരനൊപ്പം ഉറിച്ചുനില്‍ക്കുന്ന ടി എന്‍ പ്രതാപനും സമിതിയില്‍ ഇടം കണ്ടെത്തി.

കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ മറ്റു ചിലരില്‍ നിന്നും സുധീരന്‍ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ വിടാന്‍ ഹൈകമാന്‍ഡ് ഒരുക്കമല്ല എന്ന സൂചിപ്പിക്കുന്നതാണ് രാഷ്ട്രീയകാര്യ സമിതിയുടെ ഘടന. സംസ്ഥാന കോണ്‍ഗ്രസിലെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിലെ ഉന്നത ഘടകമായി രാഷ്ട്രീയകാര്യ സമിതി മാറും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News