മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറികൃഷി
കൃഷി തുടങ്ങുന്നതിന് മുന്നോടിയായി കളക്ടറുടെ നേതൃത്വത്തില്‍ പരിസരം ശുചിയാക്കി.
മലപ്പുറം സിവില്‍ സ്റ്റേഷന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ബോംബ് സ്ഫോടനം നടന്നതിന്‍റ പേരിലാണ്. എന്നാല്‍ ഇനിയിപ്പോള്‍ വാര്‍ത്തയാകുന്നത് കളക്ട്രേറ്റ് വളപ്പിലെ പച്ചക്കറി കൃഷിയുടെ പേരിലാകും. കൃഷി തുടങ്ങുന്നതിന് മുന്നോടിയായി കളക്ടറുടെ നേതൃത്വത്തില്‍ പരിസരം ശുചിയാക്കി.
അവധി ദിനത്തില്‍ അഞ്ഞൂറിലധികം ഉദ്യോഗസ്ഥരമാണ് കളക്ടറുടെ നേതൃത്വത്തില്‍ ശുചീകരണത്തിനെത്തിയത്. ഫയലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ചൂലും കൊട്ടയും തൂമ്പയുമൊക്കയായി പണിക്കിറങ്ങി. ഓരോ ഓഫീസിനും ഓരോ സ്ഥലം നിശ്ചയിച്ച് നല്‍കിയിരുന്നു. 35 ഏക്കറിലധികം വരുന്ന സിവില്‍ സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കുന്നതിന് മലപ്പുറം ഗവണ്‍മെന്‍റ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും നെഹ്റു യുവകേന്ദ്ര വളണ്ടിയര്‍മാരും വിവിധ ക്ലബുകളിലെ പ്രവര്‍ത്തകരും എത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേര്‍തിരിച്ച് സംസ്കരിക്കും. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യും.
സ്ഥലമൊരുങ്ങിയാല്‍ കൃഷിയും തുടങ്ങും. വൈകാതെ കളക്ട്രേറ്റ് ബ്രാന്‍ഡ് പച്ചക്കറി വിളവെടുക്കാനുള്ള ആവേശത്തിലാണ് ജീവനക്കാര്‍.