'വോട്ട് ഒരിടത്ത് മാത്രം'; കള്ളവോട്ട് ആരോപണത്തിൽ മറുപടിയുമായി പി. സരിൻ
ഭാര്യ ഡോ. സൗമ്യക്കൊപ്പമാണ് സരിൻ വാർത്താസമ്മേളനം നടത്തിയത്.
പാലക്കാട്: കള്ളവോട്ട് ആരോപണത്തിൽ മറുപടിയുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ. 2018ൽ പാലക്കാട് താൻ വീട് വാങ്ങിയിട്ടുണ്ടെന്ന് സരിൻ പറഞ്ഞു. യാഥാർഥ്യങ്ങൾ ബോധ്യപ്പെടാൻ പ്രതിപക്ഷനേതാവിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു. കുടുംബസുഹൃത്താണ് താഴത്തെ നിലയിൽ താമസിക്കുന്നത്. മുകൾ നിലയിലായിരുന്നു തങ്ങൾ താമസിച്ചിരുന്നു. 2020 മുതൽ ഈ വീട്ടിൽ വാടകക്ക് ആൾ താമസിക്കുന്നുണ്ട്. ഈ വീടിന്റെ പേരിൽ വോട്ടർ ഐഡിക്ക് അപേക്ഷിച്ചാൽ എങ്ങനെ തെറ്റാകുമെന്നും ഭാര്യക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ ചോദിച്ചു.
സമൂഹമാധ്യമങ്ങളിൽപ്പോലും രാഷ്ട്രീയ ഇടപെടൽ നടത്താറില്ലെന്നും വോട്ട് ചെയ്ത് ഷാർജയിലേക്ക് മടങ്ങിപ്പോകണമെന്ന് മാത്രമാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും സൗമ്യ സരിൻ പറഞ്ഞു. പ്രതിപക്ഷനേതാവ് അടക്കമുള്ളവർ വിവാദങ്ങളിലേക്ക് അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയം തന്റെ വഴിയല്ല, വ്യക്തിപരമായ അധിക്ഷേപത്തിനാണ് മറുപടി പറയുന്നതെന്നും സൗമ്യ പറഞ്ഞു.
2018ൽ വീട് വാങ്ങുമ്പോൾ ഉപതെരഞ്ഞെടുപ്പ് വരുമെന്നൊന്നും ഊഹിച്ചല്ല വാങ്ങിയത്. നെന്മാറ ആശുപത്രിയാണ് അഞ്ച് വർഷത്തോളം ജോലി ചെയ്തത്. പാലക്കാട് ജനിച്ചുവളർന്ന തന്റെ സ്വപ്‌നമായിരുന്നു ഇവിടെയൊരു വീട്. അതുകൊണ്ടാണ് വീട് വാങ്ങിയത്. ബാങ്കിൽനിന്ന് ലോൺ എടുത്താണ് വീട് വാങ്ങിയത്. ഒരു വോട്ടർ ആണെന്നതിൽ അഭിമാനമുണ്ട്. താൻ ഒരു പാർട്ടിയുടെയും പ്രചാരകയല്ലെന്നും സൗമ്യ പറഞ്ഞു.