ജയവിജയത്തില്‍ ആശങ്കപ്പെട്ടും പ്രതീക്ഷയര്‍പ്പിച്ചും മുന്നണികള്‍
പ്രചാരണത്തില്‍ ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്താനും നഷ്ടപ്പെട്ടിടത്ത് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. അടിയൊഴുക്കുകളെ തടയാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തലും അണിയറയില്‍ സജീവം
പ്രചാരണത്തില്‍ ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്താനും നഷ്ടപ്പെട്ടിടത്ത് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. അടിയൊഴുക്കുകളെ തടയാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തലും അണിയറയില്‍ സജീവം. ബിഡിജെഎസിന്റെ സാന്നിധ്യവും ബിജെപിക്ക് എത്രത്തോളം മുന്നേറാനാകും എന്നതുമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം.
മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന ശീലമാണ് കേരളത്തില്‍.. ഇത്തവണ ഫലം പ്രവചനാതീതമാണ്. തുടക്കത്തില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടിയെടുത്തിരുന്നെങ്കിലും അവസാനലാപ്പില്‍ യുഡിഎഫും ഓടിയെത്തി. ഭരണവിരുദ്ധവികാരവും സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍ വികസന നേട്ടങ്ങള്‍ ഭരണത്തുടര്‍ച്ചക്ക് വഴികാട്ടിയാകുമെന്ന വിശ്വാസമാണ് യുഡിഎഫിന്.
പല മണ്ഡലങ്ങളിലും ബിജെപിയും ശക്തമായ പ്രകടനമാണ് നടത്തുന്നത്. ഇത്തവണ അക്കൌണ്ട് തുറക്കാനായില്ലെങ്കില്‍ ഇനി അവസരം കിട്ടില്ലെന്ന ബോധ്യത്തോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനം. നരേന്ദ്ര മോദിയും അമിത് ഷായും കേന്ദ്രമന്ത്രിമാരുമെല്ലാം പ്രചാരണത്തിനായി പറന്നെത്തിയത് താമരവിരിയാന്‍ സഹായിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബിഡിജെഎസ് കൂടി ഒപ്പമുള്ളത് എന്‍ഡിഎ സഖ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കുട്ടനാട്, കോവളം തുടങ്ങി പല മണ്ഡലങ്ങളിലും ബിഡിജെഎസിന് ശക്തമായ സ്വാധീനമുണ്ട്.
അഭിപ്രായ സര്‍വെകളില്‍ മുന്നിലെത്താനായതും എല്‍ഡിഎഫിന് ആത്മവിശ്വാസമേകുന്നുണ്ട്. 72 മുതല്‍ 80 സീറ്റ് വരെ നേടി ഭരണത്തിലെത്താമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നതാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായില്ലെങ്കില്‍ രണ്ടോ മൂന്നോ സീറ്റുകളുടെയെങ്കിലും ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്താനാകുമെന്നാണ് യുഡിഎഎഫ് കരുതുന്നത്. അതേസമയം നരേന്ദ്രമോദിയുടെ സൊമാലിയ പരാമര്‍ശം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബിജെപി.